മുഖ്യമന്ത്രി ഇടപെട്ടു ; കുടുങ്ങിയ 250 പേർ കേരള അതിർത്തി കടന്നു



കൽപ്പറ്റ മുത്തങ്ങ, ബാവലി അതിർത്തികളിൽ കുടുങ്ങിയ 250 മലയാളികളെ മണിക്കൂറുകൾക്ക്‌ ശേഷം കേരളത്തിലേക്ക്‌ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ്‌ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ഇവരെ കേരളത്തിലേക്ക്‌ കടത്തിവിട്ടത്‌. ലോക്ക്‌ഡൗൺ കഴിയുംവരെ ഇവരെ വയനാട്ടിലെ കോവിഡ്‌ കെയർ സെന്ററുകളിൽ പാർപ്പിക്കും. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്‌ ശേഷം കേരളത്തിലേക്ക്‌ വരാൻ ശ്രമിച്ചവരാണ്‌ അതിർത്തിയിൽ കുടുങ്ങിയത്‌. ചൊവ്വാഴ്‌ച രാത്രിമുതൽ ഇത്തരത്തിൽ കാറുകളിലും ഇരുചക്രവാഹനങ്ങളിലും ആളുകൾ എത്തിയിരുന്നു. ലോക്ക്‌ഡൗൺ ആയതിനാൽ കേരളത്തിലേക്ക്‌ പ്രവേശിപ്പിക്കാനായില്ല. ഇതോടെ യാത്രക്കാർ വലഞ്ഞു. സ്‌ത്രീകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. മുത്തങ്ങയിൽ ഇരുന്നൂറും  ബാവലിയിൽ അമ്പത്‌ പേരുമാണുണ്ടായത്‌. യാത്രക്കാരും വാഹനങ്ങളും കൂട്ടമായിനിൽക്കുന്നത്‌ സുരക്ഷാപ്രശ്‌നങ്ങളും സൃഷ്‌ടിച്ചു.  അടിസ്ഥാന സൗകര്യംപോലുമില്ലാതെ ഇവരെല്ലാം ദുരിതത്തിലായി.  ഇതോടെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട്‌ ഇവരെ കേരളത്തിലേക്ക്‌ പ്രവേശിപ്പിച്ചത്‌.  ഇവരെ 21 ദിവസത്തേക്ക്‌ വയനാട്ടിൽ തന്നെയുള്ള പ്രത്യേക കോവിഡ്‌ കെയർ സെന്ററുകളിലേക്ക്‌ മാറ്റി. Read on deshabhimani.com

Related News