'ബോധപൂർണ്ണിമ' സംസ്ഥാനതല സമാപനം വയനാട്ടിൽ



തിരുവനന്തപുരം> ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളെ അണിനിരത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടരുന്ന 'ബോധപൂർണ്ണിമ' രണ്ടാംഘട്ട കാമ്പയിനിന്റെ സംസ്ഥാനതല സമാപനം ജനുവരി 26ന് വയനാട്ടിൽ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനംചെയ്യും. കാരാപ്പുഴ മെഗാ ടൂറിസ്‌റ്റ് ഗാർഡനിലാണ് സമാപനപരിപാടി. 'ബോധപൂർണ്ണിമ' പരിപാടിയുടെ ഭാഗമായി സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകത്തിന്റെ സംസ്ഥാനതല പര്യടനത്തിന്റെ ഉദ്ഘാടനവും ഒപ്പം നടക്കും. എക്സൈസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പ്രചാരണത്തിന്റെ സമാപന പരിപാടിയോടു കൂടിയാണ് 'ബോധപൂർണ്ണിമ' രണ്ടാംഘട്ട കാമ്പയിനിന്റെ സമാപനം. വൈകീട്ട് മൂന്നു മുതൽ ആറുവരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ലഹരിയില്ലാ തെരുവ്' പരിപാടികളിലെ മുഖ്യ ഇനമായാണ് സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കിയ 'മുക്തധാര: ലഹരിമുക്ത ക്യാമ്പസ്' നാടകാവതരണം അരങ്ങേറുക. വയനാട് ജില്ലയിലെ കോളേജുകളിലെ എൻ എസ് എസ് - എൻ സി സി യൂണിറ്റുകളുടെ പങ്കാളിത്തം സമാപനപരിപാടിയിൽ ഉണ്ടാകും. ലഹരിമുക്ത കലാലയം എന്ന ലക്ഷ്യം മുൻനിർത്തി യുവാക്കളോടും വിദ്യാർത്ഥികളോടും നേരിട്ട് സംവദിക്കുന്ന നാടകമാണ് സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കുന്ന 'മുക്തധാര'യെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നന്മയിലേക്കുള്ള വഴി എന്ന അർത്ഥത്തിലാണ് രവീന്ദ്രനാഥ ടാഗോറിന്റെ 'മുക്തധാര' എന്ന നാടകത്തിന്റെ പേര് ഉപയോഗിച്ചിരിക്കുന്നത്. പതിനേഴു വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളടങ്ങുന്ന യുവാക്കളെയാണ് കാര്യമായും കാണികളായി പ്രതീക്ഷിക്കുന്നത്. കാണികളെക്കൂടി പങ്കാളികളാക്കുന്ന വിധത്തിലാണ് ആവിഷ്കാരം. നാല്പത്തഞ്ചു മിനുട്ട് ദൈർഘ്യമുള്ള നാടകത്തിന്റെ ആവിഷ്കാരം. ഗായകരും അഭിനേതാക്കളുമടങ്ങുന്ന സ്‌കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥികളാണ് അവതരണസംഘം. സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപികയായ ഡോ. സുരഭി എം എസ് ആണ് നാടകത്തിന്റെ രൂപകല്പനയും സംവിധാനവും ഏകോപനവും - മന്ത്രി ഡോ. ബിന്ദു അറിയിച്ചു. Read on deshabhimani.com

Related News