ഓളപ്പരപ്പിൽ 
അത്ഭുതമായി ഷാൻ



ആലുവ പരിമിതികളിൽ തളരാതെ പെരിയാർ നീന്തിക്കടന്ന്‌ ഷാൻ. ട്രെയിൽ അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കൊല്ലം പള്ളിമുക്ക് സ്വദേശി റോയൽ കോട്ടേജിൽ എസ് ഷാനാണ്‌ (29) പെരിയാറിന്റെ ആലുവയിലെ ഏറ്റവും വീതി കൂടിയ ഭാഗം (500 മീറ്റർ വീതിയും 30 അടി താഴ്ചയും) നീന്തിക്കടന്നത്‌.  ആശ്രമം കടവുമുതൽ മണപ്പുറം കടവുവരെയാണ് നീന്തിയത്. തിങ്കൾ രാവിലെ 8.45ന് തുടങ്ങി 17 മിനിറ്റിൽ മറുകരയെത്തി. നീന്തൽ പരിശീലകനായ സജി വാളാശേരിയുടെ നേതൃത്വത്തിൽ രണ്ടാഴ്ച കഠിന പരിശീലനം നടത്തിയിരുന്നു. വളന്റിയർമാർ അടക്കം വള്ളങ്ങളിൽ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. ടെക്‌നോ പാർക്കിൽ ജോലി ചെയ്യവേ  21–--ാംവയസ്സിൽ വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ കൊല്ലം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങുമ്പോഴുണ്ടായ അപകടത്തിലാണ്‌ രണ്ടുകാലും മുട്ടിനുതാഴെ നഷ്ടപ്പെട്ടത്‌. കൃത്രിമക്കാലുകളുമായി 2018ൽ ചെന്നൈയിൽ മാരത്തണിലും പങ്കെടുത്തു. 2018ലെ  പ്രളയദുരിതത്തിൽ പെട്ടതോടെ നീന്തൽ പഠിക്കാൻ തീരുമാനിച്ചു. തുടർന്നാണ്‌ സജി വാളാശേരിയുടെ അടുത്തെത്തിയത്‌. മാരത്തൺ ഓട്ടത്തിന് ആവശ്യമായ കൃത്രിമക്കാലില്ലാത്ത വിഷമത്തിലാണ് ഷാൻ. ഉമ്മയും രണ്ട് സഹോദരിമാരും അടങ്ങിയതാണ്‌ കുടുംബം. കാക്കനാട് നെസ്റ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷാൻ, അവിടെ മെട്രോ മെൻസ് ഹോസ്റ്റലിലാണ് താമസം. ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ, കൗൺസിലർമാർ, സുഹൃത്തുക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി. Read on deshabhimani.com

Related News