മണ്ഡലം ഭാരവാഹികളെ ചൊല്ലി തർക്കം: ബിജെപി നേതൃയോഗം നിർത്തിവച്ചു



കൊച്ചി മണ്ഡലം ഭാരവാഹികളെ നിശ്ചയിക്കാൻ ചേർന്ന ബിജെപി ജില്ലാ നേതൃയോഗം ചേരിതിരിഞ്ഞുള്ള തർക്കത്തെ തുടർന്ന് നിർത്തിവച്ചു. നിലവിലുള്ള 14 മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് 28 ആക്കുന്നതിന്  മുന്നോടിയായി ഭാരവാഹികളെ തീരുമാനിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗമാണ്   വാക്കേറ്റത്തിൽ കലാശിച്ചത്. ചൊവ്വ വൈകിട്ട് ചേർന്ന യോഗത്തിൽ ജില്ലാ കോർ കമ്മിറ്റി നിർദേശമെന്നനിലയിൽ പ്രസിഡന്റ്‌ എസ് ജയകൃഷ്ണൻ അവതരിപ്പിച്ച കരടുലിസ്റ്റാണ് ഇരുഗ്രൂപ്പുകളുടെയും ശക്തമായ എതിർപ്പിനിടയാക്കിയത്. അങ്കമാലി മണ്ഡലം വിഭജിച്ച് രൂപീകരിക്കുന്ന കാലടി മണ്ഡലത്തിന്റെ  പ്രസിഡന്റായി നിർദേശിച്ചയാൾ ബൂത്ത് പ്രസിഡന്റുപോലും ആയിട്ടില്ലെന്നും മറ്റൊരു പാർടിയിൽനിന്ന് വന്നിട്ട് രണ്ടുവർഷംപോലും ആയിട്ടില്ലെന്നും പറഞ്ഞ് സുരേന്ദ്രൻപക്ഷത്തുനിന്നുള്ള ജില്ലാ സെക്രട്ടറി തന്നെ തടഞ്ഞു. ആലുവ വിഭജിച്ചുണ്ടാക്കുന്ന നെടുമ്പാശേരി മണ്ഡലം പ്രസിഡന്റായി നിർദേശിച്ച സുരേന്ദ്രൻപക്ഷക്കാരന്‌ കേന്ദ്ര മാനദണ്ഡമായ 45 വയസ്സ്‌ കഴിഞ്ഞയാളാണെന്ന് പറഞ്ഞ് മറുപക്ഷവും എതിർത്തു. വാക്കുതർക്കം  രൂക്ഷമായതിനെ തുടർന്ന് 25 അംഗ ഭാരവാഹി യോഗം നിർത്തിവച്ചതായി ജില്ലാ പ്രസിഡന്റ്‌ അറിയിച്ചു. കോർകമ്മിറ്റി പുതിയ ലിസ്റ്റുണ്ടാക്കണമെന്നാണ് ഭാരവാഹികളിൽ  ഭൂരിപക്ഷവും ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മിറ്റി  പുനഃസംഘടനയിൽ ആധിപത്യമുറപ്പിച്ച സുരേന്ദ്രൻപക്ഷവും തഴയപ്പെട്ട കൃഷ്ണദാസ് പക്ഷവും മണ്ഡലം വിഭജനത്തിലും ഏറ്റുമുട്ടുന്നതിന്റെ ഭാഗമാണ് തർക്കം. Read on deshabhimani.com

Related News