ഡിസി ഓഫീസിൽ ബോംബേറ്‌ ; ആർഎസ്‌എസ്
പ്രവർത്തകൻ
 ദുബായിൽ പിടിയിൽ



കോഴിക്കോട്‌ സിപിഐ എം കോഴിക്കോട്‌  ജില്ലാ കമ്മിറ്റി ഓഫീസിനു  ബോംബെറിഞ്ഞ്‌  ജില്ല സെക്രട്ടറി പി മോഹനനെ വധിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ. സംഭവശേഷം വിദേശത്തേക്ക്‌ കടന്ന മൂന്നാം പ്രതി  നാദാപുരം പുറമേരി സ്വദേശി കൂരാരത്ത്‌ വീട്ടിൽ നജീഷ്‌ (40)ആണ്‌ അറസ്‌റ്റിലായത്‌. ദുബായിലേക്ക്‌ കടന്ന പ്രതിക്കായി ക്രൈംബ്രാഞ്ച്‌ ബ്ലൂ കോർണർ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. പാസ്‌പോർട്ട്‌ പുതുക്കലിന്‌ അപേക്ഷ നൽകിയ പ്രതിയെ ദുബായ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ കേരള പൊലീസിന്‌ കൈമാറി. വെള്ളി പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച പ്രതിയെ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ടി സജീവന്റെ നേതൃത്വത്തിൽ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി. ഇയാളെ  ജില്ലാകമ്മിറ്റി ഓഫീസ്‌ ജീവനക്കാർ തിരിച്ചറിഞ്ഞു. ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കി  റിമാൻഡ്‌ ചെയ്‌തു. 2017 ജൂൺ ഒമ്പതിന്‌ പുലർച്ചെ ഒന്നരയോടെയാണ് ജില്ലാകമ്മിറ്റി  ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരക മന്ദിരത്തിനുനേരെ ആർഎസ്‌എസ്‌ ക്രിമിനൽ സംഘം ബോംബെറിഞ്ഞത്‌. ജില്ലാ സെക്രട്ടറി പി മോഹനൻ ഓഫീസിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ഉടനായിരുന്നു ആക്രമണം. ബോംബ്‌ ഓഫീസ്‌ വളപ്പിലെ മരച്ചില്ലയിൽ തട്ടിയതിനാൽ വൻഅപകടം ഒഴിവായി.  കേസിൽ ഒന്നും രണ്ടും പ്രതികളായ ആർഎസ്‌എസുകർ 2018ൽ അറസ്‌റ്റിലായിരുന്നു. ഒന്നാം പ്രതി നാദാപുരം ചേലക്കാട്‌ കോറോത്ത്‌ ഷിജിൻ (24), കോഴിക്കോട് വെള്ളയിൽ കളരിക്കൽ രൂപേഷ് (38) എന്നിവരാണ് അറസ്റ്റിലായത്. വടകരയിൽനിന്നും ബോംബുമായി ലോറിയിൽ കയറി നഗരത്തിൽ എത്തിയ  ഷിജിനും നജീഷും ആർഎസ്എസ് ജില്ലാ കാര്യവാഹകായിരുന്ന രൂപേഷിന്റെ സഹായത്തോടെയാണ്‌ ബോംബെറിഞ്ഞത്‌. അക്രമികൾക്കെതിരെ വധശ്രമം, ഗൂഢാലോചന, സ്‌ഫോടക വസ്തു നിരോധന നിയമം വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്. Read on deshabhimani.com

Related News