ടിപിആർ കൂടിയാൽ രോഗവ്യാപനം കൂടിയെന്ന്‌ അർഥമില്ല: ഐഎംഎ ഗവേഷണ സെൽ



ആലപ്പുഴ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കൂടിയതിന്‌ രോഗവ്യാപനം കൂടിയെന്ന്‌ അർഥമില്ലെന്ന്‌ ഐഎംഎ ഗവേഷണ സെൽ ഉപാധ്യക്ഷൻ ഡോ. രാജീവ്‌ ജയദേവൻ. ടിപിആർ 12 ശതമാനം എന്നുപറഞ്ഞാൽ സമൂഹത്തിൽ നൂറിൽ പന്ത്രണ്ടുപേർക്ക്‌ രോഗം എന്നല്ല അർഥം. ശരിയായ രീതിയിൽ പരിശോധന നടത്തിയാൽ രോഗമുള്ളവരെ കൃത്യമായി കണ്ടെത്താനാകും– അദ്ദേഹം ‘ദേശാഭിമാനി’യോട്‌ പറഞ്ഞു ഉദാഹരണത്തിന്‌ ഒരു പുരയിടത്തിൽ തുല്യഎണ്ണം മാങ്ങയുള്ള രണ്ടു മാവുകൾ ഉണ്ടെന്നിരിക്കട്ടെ. ഒരുമാവിൽ എറിയുന്നയാൾ ചാമ്പ്യനും മറ്റെ മാവിൽ എറിയുന്നയാൾ സാധാരണക്കാരനുമാണ്‌.  ഓരോ മാവിലും എറിയാൻ നൂറു കല്ലുവീതമുണ്ട്‌. ചാമ്പ്യൻ എറിഞ്ഞ മാവിൽനിന്ന്‌ 10 മാങ്ങയും മറ്റെയാൾ എറിഞ്ഞ മാവിൽനിന്ന്‌ രണ്ടു മാങ്ങയും വീണു. ഇതുകണ്ടിട്ട്‌ 10 മാങ്ങ വീണിടത്ത്‌ ടിപിആർ പത്താണെന്നും അതുകൊണ്ട്‌ ആ മാവിൽ കൂടുതൽ മാങ്ങയുണ്ടെന്നും  വിധികർത്താവ്‌ പറഞ്ഞാൽ ശരിയാകുമോ?. എറിയാൻ അറിയുന്നവർ എറിഞ്ഞാൽ മാങ്ങ കൂടുതൽ വീഴും . അതായത്‌ താഴെത്തട്ടിൽ വരെ മുക്കിലും മൂലയിലും  ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിന്‌ പരിശോധനകളിലുടെ കേസുകൾ കണ്ടെത്താനാകും. കൃത്യമായിട്ടല്ലാതെ ടെസ്‌റ്റു നടത്തുന്ന സംസ്ഥാനങ്ങളിൽ ടിപിആർ പുജ്യമായിരിക്കും. കേരളത്തിന്റെ കോവിഡ്‌ റിപ്പോർട്ടിങ്‌ സംവിധാനം ഇന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന കാര്യം മറ്റു സംസ്ഥാനങ്ങളിലെ ഡോക്‌ടർമാർ പോലും സമ്മതിക്കും. കേരളത്തിന്റെ കൺവേർഷൻ ഫാക്‌ടർ 5.4 ആണ്‌. അതായത്‌ കേരളം 10 കേസ്‌ കണ്ടെത്തിയാൽ സമൂഹത്തിൽ 50 പേർക്ക്‌ രോഗമുണ്ടെന്നാണ്‌ അർഥം. അതേ സമയം ഇന്ത്യയുടെ കൺവേർഷൻ ഫാക്‌ടർ  28 ആണ്‌. അതായത്‌ ഇന്ത്യയിൽ 10 കേസ്‌ കണ്ടെത്തിയാൽ 280 പേർക്ക്‌ രോഗമുണ്ടെന്നാണ്‌ കണക്ക്‌. കേരളത്തിന്റെ പരിശോധനയുടെ കൃത്യതയാണ്‌ ഇതു കാണിക്കുന്നത്‌.  കേരളത്തെ ആക്ഷേപിക്കാൻ ടിപിആറിനെ വടക്കേ ഇന്ത്യൻ ലോബി  ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News