വിപുലമായ പരിശോധന; 24 മണിക്കൂറിനിടെ കാൽലക്ഷത്തിലേറെ സാമ്പിളുകൾ



തിരുവനന്തപുരം > കോവിഡ് പരിശോധനകൾ വർധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടക്കത്തിൽ എൻഐവി ആലപ്പുഴയിൽ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സർക്കാർ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 25 സ്ഥലങ്ങളിലാണ് ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്നും അദ്ദേഹം പറഞ്ഞു. ട്രൂ നാറ്റ് പരിശോധന 19 സർക്കാർ ലാബിലും 15 സ്വകാര്യ ലാബിലും സിബി നാറ്റ് പരിശോധന 6 സർക്കാർ ലാബിലും 9 സ്വകാര്യ ലാബിലും നടക്കുന്നു. എയർപോർട്ടിലേയും ക്ലസ്റ്ററുകളിലേയും ആൻറിജൻ പരിശോധനയ്ക്കായി 10 ലാബുകളുമുണ്ട്. നിലവിൽ 84 ലാബുകളിൽ കോവിഡിൻറെ വിവിധ പരിശോധനകൾ നടത്താനാകും. 8 സർക്കാർ ലാബുകളിൽ കൂടി പരിശോധിക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ലാബുകൾക്ക് പരിശോധനയ്ക്കുള്ള അനുമതി നൽകുന്നുമുണ്ട്. തുടക്കത്തിൽ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ൽ കൂടുതലെത്തിക്കാൻ കഴിഞ്ഞു. പരിശോധനയുടെ കാര്യത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെൻറിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആൻറിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,35,272 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ടെസ്റ്റ് പരിശോധയുടെ കാര്യത്തിൽ ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൻ എന്ന ശാസ്ത്രീയ മാർഗം നോക്കുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി 2.6 ശതമാനം മാത്രമാണ് സംസ്ഥാനത്തുള്ളത്. പരിശോധനകൾ വെച്ച് 5 ശതമാനത്തിന് താഴെ കേസുകളാണെങ്കിൽ നിയന്ത്രണ വിധേയമാണെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. 30 ദിവസത്തേയ്ക്ക് ആവശ്യമായ കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. കുറവ് വരുന്ന മുറയ്‌ക്ക് അവ ശേഖരിക്കാനുമുള്ള നിർദേശവും നൽകിയിട്ടുണ്ട്. അതിനാൽ പരിശോധന കുറയുന്നു എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News