പ്ലാസ്‌റ്റിക്കിന്‌ വിട; തൈകൾ ഇനി ചകിരിക്കൂടകളിൽ വളരും



കൊച്ചി സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ വനവൽക്കരണവിഭാഗം വിതരണം ചെയ്യുന്ന വൃക്ഷത്തൈകൾ ഇനി ചകിരിക്കൂടകളിൽ വളരും. പ്ലാസ്‌റ്റിക് -പോളിത്തീൻ ഗ്രോ ബാഗുകൾക്കുപകരം ചകിരികൊണ്ടുള്ള കൊയർ ഫൈബർ റൂട്ട്‌ ട്രെയിനറിലാണ്‌ ഇനി തൈകൾ നൽകുക. മലപ്പുറം, കണ്ണൂർ ജില്ലകളിലേക്ക്‌ ഇപ്പോൾ ഇത്തരത്തിൽ തൈകൾ നൽകുന്നുണ്ട്‌. വൈകാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ്‌ വനംവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. മൂന്നുമാസംകൊണ്ട്‌ മണ്ണിൽ അലിയുന്ന പ്രകൃതിദത്ത കൂടകൾ നിർമിക്കുന്നത്‌ പൊള്ളാച്ചിയിലാണ്‌. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ പൊള്ളാച്ചിയിലെ സ്ഥലത്തെ കൊയർ ഫൈബർ റൂട്ട്‌ ട്രെയിനർ യൂണിറ്റിലാണ്‌ നിർമാണം. ഒരേസമയം എട്ടു കൂടകൾ നിർമിക്കുന്ന യൂണിറ്റിന്റെ ഉദ്‌ഘാടനം വെള്ളി പകൽ 11ന്‌ നടക്കും. ഗ്യാസ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ സിഎസ്‌ആർ ഫണ്ടിൽനിന്ന്‌ ലഭിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ പുതിയ കെട്ടിടവും യന്ത്രസാമഗ്രികളും സജ്ജമാക്കിയത്‌. ഒരുവർഷംമുമ്പ്‌ സ്ഥാപിച്ച യൂണിറ്റിൽ എല്ലാ ദിവസവും 2000 കൂട ഉണ്ടാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. റബർ ലാറ്റെക്‌സും ചകിരിയും വിവിധ അളവുകളിൽ ചേർത്താണ്‌ നിർമിക്കുന്നത്‌. ആദിവാസിവിഭാഗക്കാരാണ്‌ പൊള്ളാച്ചി യൂണിറ്റിൽ ജോലി ചെയ്യുന്നത്‌. പുതിയ യൂണിറ്റ്‌ എത്തുന്നതോടെ ഈ വിഭാഗത്തിലെ കൂടുതൽപേർക്ക്‌ തൊഴിൽ ലഭിക്കും.   വനംവകുപ്പ്‌ ഒരുവർഷം 80 ലക്ഷംമുതൽ ഒരുകോടിവരെ തൈകളാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. 200 പോളിത്തീൻ ബാഗ്‌ നിർമിക്കാൻ ഒരു കിലോഗ്രാം പ്ലാസ്‌റ്റിക് വേണ്ടിവരും. ഒരുകോടി തൈകൾക്കായി 50,000 കിലോ പ്ലാസ്‌റ്റിക് വേണം. ഇത്‌ പ്രകൃതിക്ക്‌ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചകിരിക്കൂടകൾവഴി സാധിക്കുമെന്ന്‌ പറമ്പിക്കുളം ടൈഗർ റിസർവ്‌ ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ്‌ ശശികുമാർ പറയുന്നു.   Read on deshabhimani.com

Related News