ഒബിസി സ്‌ത്രീകൾക്കുള്ള 
വായ്‌പവിതരണം മുടങ്ങി ; രണ്ടുവർഷമായി കേന്ദ്രം ഫണ്ട്‌ നൽകുന്നില്ല



കൊച്ചി കേന്ദ്രസർക്കാർ ഫണ്ട്‌ നൽകാത്തതിനാൽ ഒബിസി സ്‌ത്രീകളുടെ സ്വയംതൊഴിൽ വായ്‌പവിതരണം മുടങ്ങി. വായ്‌പ കിട്ടാതായതോടെ  ഉയർന്നപലിശ ഈടാക്കുന്ന സ്വകാര്യ ധനസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിവർ. സംസ്ഥാനത്തൊട്ടാകെ ഇരുനൂറോളം അപേക്ഷകളാണ്‌ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്‌.  ഒബിസി സ്‌ത്രീകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക്‌ വായ്‌പ നൽകാൻ ദേശീയ പിന്നാക്കവിഭാഗ വികസന കോർപറേഷനാണ്‌ സംസ്ഥാന വനിതാ വികസനവകുപ്പിന്‌  ഫണ്ട്‌ നൽകുന്നത്‌. എന്നാൽ, രണ്ടുവർഷമായി കോർപറേഷന്‌ കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കുന്നില്ല. സംസ്ഥാന വനിതാ വികസനവകുപ്പ്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കാതായതോടെ കോർപറേഷന്റെ തനതുഫണ്ട്‌ ഉപയോഗിച്ച്‌ കുറച്ചുപേർക്ക്‌ വായ്‌പ നൽകി. ഈ ഫണ്ടും തീർന്നതോടെ കഴിഞ്ഞ ഏപ്രിൽമുതൽ വായ്‌പവിതരണം പൂർണമായും മുടങ്ങി. അഞ്ച്‌ സെന്റിന്റെ ആധാരവും അനുബന്ധരേഖകളും പദ്ധതിയുടെ പ്ലാനും സമർപ്പിച്ചാൽ ആറുശതമാനം പലിശനിരക്കിൽ 25 ലക്ഷം രൂപവരെ വായ്‌പ ലഭിക്കും. എളുപ്പം വായ്‌പ ലഭിക്കുമെന്നതും കുറഞ്ഞ പലിശയുമായതിനാൽ സാധാരണക്കാരാണ്‌  അപേക്ഷകരിലേറെയും. വായ്‌പവിതരണം മുടങ്ങിയതോടെ അത്യാവശ്യക്കാർ 14 ശതമാനംവരെ പലിശ നൽകി, സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളിൽനിന്ന്‌ കടമെടുക്കുകയാണ്‌. Read on deshabhimani.com

Related News