ഹേനയ്‌ക്ക്‌ ഇനി സ്വന്തം വീട്



കൊച്ചി ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മകൾ ജിയാ നെൽസണോടൊപ്പം സ്വന്തം വീട്ടിൽ സുരക്ഷിതത്വത്തോടെ കഴിയാമെന്ന ആശ്വാസത്തിലാണ് അദാലത്തിൽനിന്ന്‌ ഹേന മടങ്ങിയത്. സംസാരശേഷിയും ചലനശേഷിയുമില്ലാത്ത മകളുമായി വർഷങ്ങളായി വാടകവീട്ടിലാണ് തെക്കൻ മാലിപ്പുറം സ്വദേശി ഹേന നെൽസണും ഭർത്താവും താമസിക്കുന്നത്. മൾട്ടിപ്പിൾ ഹാൻഡിക്യാപ്ഡായ മകളുടെ ചികിത്സയ്‌ക്കായി വരുമാനത്തിന്റെ ഏറിയ പങ്കും ചെലവാകുന്നു. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. മകളെ പരിപാലിക്കേണ്ട ഹേനയ്ക്ക് ജോലിക്ക് പോകാനാകില്ല. സ്വന്തമായി ഭൂമിയോ വീടോ ചികിത്സാസഹായമോ അനുവദിച്ചുകിട്ടണമെന്ന ആവശ്യവുമായാണ് കൊച്ചി താലൂക്ക് അദാലത്ത് വേദിയിൽ ഹേന എത്തിയത്. ലൈഫ് മിഷനുമായി ചേർന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം വാങ്ങാനും ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് പ്രത്യേക പരിഗണന നൽകി ലൈഫിൽ വീട് അനുവദിക്കാനും മന്ത്രി പി പ്രസാദ് നിർദേശിച്ചു. ലൈഫിൽനിന്ന്‌ അനുവദിക്കുന്നതിനുപുറമേ, ഭവനനിർമാണത്തിന്‌ ആവശ്യമായിവരുന്ന തുക തന്റെ നേതൃത്വത്തിൽ സ്വരൂപിച്ചുനൽകുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉറപ്പുനൽകി. Read on deshabhimani.com

Related News