മാലിന്യപ്രശ്നം: കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു



കളമശേരി കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗങ്ങൾ എടയാര്‍ വ്യവസായമേഖലയിലും ഏലൂര്‍ പിസിബി ഓഫീസിലും പ്രതിഷേധസമരം നടത്തി. വ്യവസായമേഖലയിലെ 13 മത്സ്യ–-മാംസ സംസ്കരണ കമ്പനികളില്‍നിന്നുള്ള രൂക്ഷഗന്ധംമൂലവും രാസമാലിന്യം കലര്‍ന്ന വെള്ളം പെരിയാറിലേക്ക് തള്ളുന്നതുകൊണ്ടും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധസമരം. പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മത്സ്യ–-മാംസ സംസ്കരണ കമ്പനികളില്‍നിന്നുള്ള രൂക്ഷമായ പുകമൂലം കടുങ്ങല്ലൂര്‍, ഏലൂര്‍, ആലങ്ങാട്, വരാപ്പുഴ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഛര്‍ദിയും ശ്വാസകോശ അസുഖങ്ങളുമുള്ളതായി ആക്ഷേപമുണ്ട്. മാസങ്ങള്‍ക്കുമുമ്പ് പിസിബി ചീഫ് എൻജിനിയർ പഞ്ചായത്തിലെത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്‌.  കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന്‌ മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ടണ്‍ കണക്കിന് അഴുകിയ മാംസാവശിഷ്ടങ്ങള്‍ എടയാറിലേക്ക് കൊണ്ടുവരുന്നത്. വാഹനങ്ങളില്‍നിന്ന് പുഴുവരിച്ച അവശിഷ്ടങ്ങളും മലിനജലവും റോഡുകളിലും പരിസരത്തും തെറിച്ചുവീഴുകയാണ്‌. കഴിഞ്ഞദിവസം കൊല്ലത്തുനിന്ന്‌ കൊണ്ടുവന്ന മാംസാവിശിഷ്ടങ്ങള്‍ അടങ്ങിയ ലോറി റോഡില്‍ ഉപേക്ഷിക്കുകയും രക്തവും വെള്ളവും റോഡിൽ ഒഴുകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫീസര്‍, ബിനാനിപുരം പൊലീസ് തുടങ്ങിയവർ ചേര്‍ന്നാണ് ബന്ധപ്പെട്ട കമ്പനിയെ കണ്ടെത്തി തുടർനടപടികൾ സ്വീകരിച്ചത്‌. കമ്പനികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള വീഴ്ചയാണ് പ്രദേശത്തെ മാലിന്യപ്രശ്നം രൂക്ഷമാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ സൂചനാ സമരത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആര്‍ രാജലക്ഷ്മി അധ്യക്ഷയായി. പി കെ സലിം, കെ എം മുഹമ്മദ് അന്‍വര്‍, ഓമന ശിവശങ്കരന്‍, അംഗങ്ങളായ വി കെ ശിവന്‍, കെ എസ് താരാനാഥ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News