എൻജിനിയറിങ് വിദ്യാർഥികളിൽനിന്ന്‌ ലഹരിമരുന്ന് ശേഖരം പിടിച്ചു



കിഴക്കമ്പലം ചേലക്കുളം ആഞ്ഞിലിച്ചുവടിൽ തിരുവനന്തപുരം ദക്ഷിണമേഖലാ എക്‌സൈസ് കമീഷണറും സംഘവും നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്നുശേഖരം പിടികൂടി. അറക്കപ്പടി ജയഭാരത് എൻജിനിയറിങ് കോളേജിലെ മൂന്ന് വിദ്യാർഥികളാണ് പിടിയിലായത്. ഇവർ വാടകയ്ക്ക്‌ താമസിച്ച വീട്ടിൽനിന്നും 15 കിലോ കഞ്ചാവ്‌, രണ്ട്‌ കിലോ ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം എംഡിഎംഎ എന്നിവ പിടികൂടി. ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് സംഘം വീട് കണ്ടെത്തി മയക്കുമരുന്നുശേഖരം പിടികൂടിയത്. നാല് വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്‌. എക്‌സൈസ് സംഘം വീട്ടിലെത്തിയതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടരമാസംമുമ്പാണ് ഇവർ പി പി റോഡിൽനിന്നും അകത്തേക്കുമാറി കാര്യമായി ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത്‌ വീട് വാടകയ്‌ക്കെടുത്തത്. ഒരാൾ പഠനം പൂർത്തിയാക്കി സപ്ലിമെന്ററി പരീക്ഷ എഴുതുന്നയാളും മറ്റുള്ളവർ കോളേജിൽ പഠിക്കുന്നവരുമാണ്. കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണെന്നാണ്‌ വിദ്യാർഥികൾ വാടകയ്ക്ക്‌ നൽകിയവരെ അറിയിച്ചിരുന്നത്. ഞായറാഴ്ച ഉച്ചക്കെത്തിയ അന്വേഷകസംഘം രാത്രിയും പരിശോധന നടത്തുകയാണ്. ദക്ഷിണമേഖലാ എക്‌സൈസ് കമീഷണറേ​റ്റ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. Read on deshabhimani.com

Related News