കേന്ദ്രസർക്കാർ തൊഴിൽസുരക്ഷ 
ഇല്ലാതാക്കി : ടി പി രാമകൃഷ്‌ണൻ



പറവൂർ കേന്ദ്രസർക്കാർ തൊഴിലാളികളെ കടുത്ത ചൂഷണത്തിന്‌ വിധേയമാക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ. ഇന്ത്യയിലെ തൊഴിൽനിയമങ്ങൾ റദ്ദുചെയ്‌ത്‌ പകരം നാല്‌ ലേബർ കോഡുകൾ കൊണ്ടുവന്നു. ഇതോടെ തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഇല്ലാതായി. ഇത്തരം നടപടികൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയർത്തണം. 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഇതിനായുള്ള രാഷ്‌ട്രീയ ഉത്തരവാദിത്വമായി കാണണമെന്ന്‌ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. സംസ്ഥാന കൈത്തറി തൊഴിലാളി കൗൺസിൽ (സിഐടിയു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്ക്‌ വൈദ്യുതിമേഖല മുഴുവൻ തീറെഴുതുന്നതിനുള്ള വൈദ്യുതിബിൽ എപ്പോൾ വേണമെങ്കിലും നടപ്പാകാമെന്ന ഭീഷണിയിലാണ്‌ രാജ്യം. ഇതോടെ വൈദ്യുതിനിരക്ക്‌ കുതിച്ചുയരും. കാർഷികവിപണിയുടെ നിയന്ത്രണം കർഷകരിൽനിന്ന്‌ മാറ്റി കോർപറേറ്റുകളുടെ പിടിയിലാക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിനെതിരെ വലിയ പ്രക്ഷോഭമാണ്‌ രാജ്യത്ത്‌ ഉയർന്നത്‌. എഴുന്നൂറ്റമ്പതിലധികം കൃഷിക്കാർ സമരവേദിയിൽ മരിച്ചു. ഒടുവിൽ കേന്ദ്രസർക്കാരിന്‌ പിന്മാറേണ്ടിവന്നു. കേരളത്തിലെ കൈത്തറിയെ പ്രൗഢിയോടെ നിലനിർത്താൻ കഴിയുമെന്ന അവസ്ഥ സൃഷ്‌ടിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. അടച്ചുപൂട്ടൽകാലത്ത്‌ അടക്കം കൈത്തറിമേഖലയെ സഹായിച്ചു. സ്‌കൂളുകളിൽ യൂണിഫോം സൗജന്യമായി നൽകാൻ തീരുമാനിച്ചു. അതിന്‌ കൈത്തറിസംഘങ്ങളെ ഏൽപ്പിച്ചുകൊടുത്തു. ഇത്‌ കൈത്തറിമേഖലയ്‌ക്ക്‌ ഗുണകരമായെന്ന്‌ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News