കെഎസ്‌ആർടിസിക്ക്‌ ലക്ഷങ്ങളുടെ നഷ്‌ടം; ബസ്‌ വെള്ളക്കെട്ടിൽ ഇറക്കിയ ഡ്രൈവർക്കെതിരെ കേസ്‌



ഈരാറ്റുപേട്ട > പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ കേസെടുത്തു. കെഎസ്ആർടിസി നല്‌കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്‌. കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറും ഈരാറ്റുപേട്ട ഐഎൻടിയുസി യൂണിയന്റെ യൂണിറ്റ് പ്രസിഡന്റുമായ ജയദീപനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്.  പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. കെഎസ്ആർടിസിക്ക് മൂന്നു ലക്ഷത്തോളം രൂപ നഷ്‌ടം‌ വരുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. 12000-ത്തോളം രൂപ ദിവസം കളക്ഷനുണ്ടായിരുന്ന ബസാണ് വെള്ളത്തിൽ പോയത്. വാഹനം നിന്നതോടെ എഞ്ചിനു ള്ളിൽ വെള്ളം കയറി. ഇത് നന്നാക്കിയെടുക്കാവാനുള്ള ചെലവും 15 ദിവസത്തെ കളക്ഷനും കൂടി പരിഗണിച്ച് നഷ്‌ട‌പരിഹാരവും കാണക്കാക്കിയാണ് പരാതി. ഈരാറ്റുപേട്ടയിലേക്ക് വന്ന കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ്‌ മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയായിരുന്നു. യാത്രക്കാരുടെ ജീവന്‌ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം വെള്ളക്കെട്ടിലൂടെ ഓടിച്ചതിന്‌ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരം ഇയാളെ നേരത്തെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ജയദീപിന്റെ ലൈസൻസ്‌ റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌.  Read on deshabhimani.com

Related News