മുഴുവൻ ഒഴിവും 
റിപ്പോര്‍ട്ട്‌ ചെയ്യിക്കും ; വീഴ്ചവരുത്തുന്ന 
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി : പിണറായി വിജയൻ



തിരുവനന്തപുരം പിഎസ്‌‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്ത്‌ നാലിന് അവസാനിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ഒഴിവും റിപ്പോർട്ട്‌ ചെയ്യാൻ നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ  പറഞ്ഞു. ലിസ്റ്റിന്റെ കാലാവധി നീട്ടേണ്ട സാഹചര്യമില്ല.  മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയാണ്‌ സർക്കാർ നയമെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉപക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ ഒഴിവുകളും റിപ്പോർട്ട്‌ ചെയ്യാൻ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്ന്‌ മന്ത്രിമാർക്ക് നിർദേശം നൽകി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. പരീക്ഷകൾക്ക്‌ തടസ്സമുണ്ടെങ്കിലും ഒഴിവ്‌ റിപ്പോർട്ട് ചെയ്യാനും നിയമന ശിപാർശ അയക്കുന്നതിനും പ്രശ്‌നമില്ല. സീനിയോറിറ്റി തർക്കം നിലനിൽക്കുന്ന കേസുകളിൽ താൽക്കാലിക പ്രൊമോഷൻ നടത്തി ഒഴിവ്‌ റിപ്പോർട്ട് ചെയ്യണം.  ഉദ്യോഗക്കയറ്റത്തിന്‌ അർഹരായവരുടെ അഭാവം ഉണ്ടായാൽ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക്‌ താൽക്കാലികമായി തരംതാഴ്‌ത്തി ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യണം. എല്ലാ ഒഴിവും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും -മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News