സക്കാത്ത്‌ വിവാദം: ആശങ്കയോടെ സമുദായ സംഘടനകൾ



കോഴിക്കോട്‌ സക്കാത്തും ദാനധർമവും വിവാദമാക്കുന്ന യുഡിഎഫ്‌ നീക്കത്തിൽ സമുദായ സംഘടനകൾക്ക്‌ പ്രതിഷേധം. മന്ത്രി കെ ടി ജലീൽ യുഎഇയിൽ നിന്ന്‌ റമദാൻ സഹായം സ്വീകരിച്ചെന്ന്‌ ആക്ഷേപിച്ച്‌ യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയതാണ്‌ വിവാദമായത്‌. സക്കാത്തും ദാനധർമവും വിവാദമാക്കി സംഘപരിവാരത്തിന്‌ അജൻഡ നൽകുകയാണ്‌ യുഡിഎഫ്‌ നേതാവെന്ന്‌ ‌ സംഘടനകൾ പറയുന്നു‌. ജീവകാരുണ്യ പ്രവർത്തനത്തിന്‌ വിദേശസഹായം സ്വകീരിക്കുന്നത്‌ പാതകമാക്കുന്നതിലേക്കാണീ പോക്കെന്നും സൂചിപ്പിക്കുന്നു.  മുസ്ലിംലീഗ്‌ പോഷക സംഘടനയായ കെഎംസിസി, കാന്തപുരം വിഭാഗം സുന്നിസംഘടന, എംഎസ്‌എസ്‌‌, എംഇഎസ്‌ എന്നിവയെല്ലാം സമാന അഭിപ്രായത്തിലാണ്‌. രാഷ്‌ട്രീയം കൂടി കലർന്നതിനാൽ ഇപ്പോൾ പരസ്യ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ്‌ ‌ ചില സംഘടനകൾ. ദാനത്തെ രാഷ്ട്രീയ ആയുധമാക്കരുത്‌: ഐഎൻഎൽ ദാനധർമങ്ങളെ രാഷ്‌ട്രീയ ആയുധമാക്കുന്നത്‌ അപലപനീയമാണെന്ന്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ പി എ അബ്ദുൾ വഹാബ്‌ പറഞ്ഞു. മനുഷ്യനന്മയെ മുൻനിർത്തിയാണ്‌ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്‌. യുഎഇ കോൺസുലേറ്റിൽനിന്ന്‌ പല സംഘടനകളും ഇത്തരത്തിൽ സഹായങ്ങൾ സ്വീകരിക്കാറുണ്ട്‌. ഇത്‌ വിവാദമാക്കിയത്‌ യുഡിഎഫിന് വലിയ വീഴ്‌ചയാണ്‌. അതിന്‌ അവർ വലിയ വില നൽകേണ്ടിവരും–- അബ്ദുൾ വഹാബ് പറഞ്ഞു. രാഷ്ട്രീയം കാണരുത്: ‌ കെഎൻഎം നോമ്പുകാലത്ത്‌ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ രാഷ്‌ട്രീയം കാണുന്നത്‌ വലിയ വിപത്താകുമെന്ന്‌ കെഎൻഎം മർക്കസുൽ ദവ്‌വ സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ പറഞ്ഞു. ഇത്തരം വിവാദം അനുചിതമാണ്‌. ബിജെപി സർക്കാരിന്‌ ഏണിവച്ചുകൊടുക്കലാണ്‌. ഇതിനുപിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ്‌ നിലപാട്‌ വ്യക്തമാക്കണം ബെന്നി ബഹനാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്ത് പ്രതിഷേധാർഹമാണെന്ന്‌ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ.  രാഷ്ട്രീയ ലക്ഷ്യത്തിനപ്പുറം കേരളത്തിലെ ന്യൂനപക്ഷത്തോടുള്ള വഞ്ചനയാണിത്‌. പല സംസ്ഥാനങ്ങളും പല വിദേശ രാജ്യങ്ങളിൽനിന്നും സഹായങ്ങൾ സ്വീകരിക്കാറുണ്ട്. കേവല രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി പാവപ്പെട്ടവർക്ക് കിട്ടേണ്ട സഹായങ്ങളെ ഇല്ലാതാക്കുകയാണ്‌ യുഡിഎഫ്. ഇക്കാര്യത്തിൽ മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. Read on deshabhimani.com

Related News