വ്യാജവാർത്തയ്ക്ക് മാപ്പ് പറഞ്ഞതിനു പിന്നാലെ മനോരമ റിപ്പോർട്ടർ ഭീഷണിപ്പെടുത്തി; ഡോക്ടർമാരുടെ മൊഴി



കളമശേരി > എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെയുള്ള വ്യാജവാർത്തയ്‌‌‌ക്ക് മനോരമ ചാനൽ മാപ്പുപറഞ്ഞതിനുപിന്നാലെ, കേസ്‌ കൊടുത്തു നോക്കെന്ന്‌ ലേഖിക ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട് എന്നിവർ വ്യാജവാർത്തയ്‌‌ക്കെതിരെ കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് ചാർജ്‌ ചെയ്യുന്നതിന്റെ മുന്നോടിയായി ബുധനാഴ്‌ച മൊഴിയെടുത്തപ്പോഴാണ് മെഡിക്കൽ കോളേജ് അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചത്‌. വാർത്ത സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കോവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ എന്നിവരോട് ലേഖിക അന്വേഷിച്ചിരുന്നു. എന്നാൽ,  അങ്ങനെയൊരു സംഭവമോ സാഹചര്യമോ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി.  ഇത് കണക്കിലെടുക്കാതെയാണ് വ്യാജവാർത്ത നൽകിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ഇരമ്പിയപ്പോഴാണ് വാർത്ത നിഷേധിക്കാതെ, ദൃശ്യം മാറിപ്പോയതിന്‌ മനോരമ മാപ്പുപറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു വാ‌ട്‌സാ‌പ്പിൽ ലേഖികയുടെ ഭീഷണി. മറ്റ്‌ ഡോക്ടർമാരെക്കുറിച്ചുള്ള പരാതി തങ്ങളുടെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ  കേസ് കൊടുക്കെന്ന്‌ വെല്ലുവിളിക്കുകയും ചെയ്‌തു. വ്യാജവാർത്ത ചമയ്‌ക്കുക, മെഡിക്കൽ കോളേജിലെ കോവിഡ് പ്രവർത്തനങ്ങൾ അവതാളത്തിലാക്കുക, ജോലിക്ക് തടസ്സമുണ്ടാക്കുക, കലാപസമാന സാഹചര്യമുണ്ടാക്കുക എന്നീ ആക്ഷേപങ്ങളാണ് മെഡിക്കൽ കോളേജ് പരാതിയിൽ ഉന്നയിച്ചത്. Read on deshabhimani.com

Related News