കുടുംബസദസ്സുകൾ ക്ലാസ്‌ മുറിപോലെ



തൃക്കാക്കര സർക്കാർ നടപ്പാക്കിയ വികസന–-ക്ഷേമപ്രവർത്തനങ്ങളും സേവനങ്ങളും മന്ത്രി എം വി ഗോവിന്ദൻ വിശദീകരിക്കുന്നത്‌ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്‌ സദസ്സ്‌. ഇടയ്‌ക്ക്‌ ചോദ്യവും രസകരമായ വിശദീകരണവുമൊക്കെയായി അദ്ദേഹം അധ്യാപകനാകുമ്പോൾ കുടുംബസദസ്സുകൾ ക്ലാസ്‌ മുറികളാകും. പാവങ്ങളെ സഹായിക്കാൻ എൽഡിഎഫ്‌ സർക്കാരിന്റെ പരിശ്രമങ്ങൾ അക്കമിട്ട്‌ നിരത്തിയാണ്‌ പൂണിത്തുറയിലെ  കർഷകത്തൊഴിലാളി കുടുംബസംഗമത്തിൽ മന്ത്രി സംസാരിച്ചുതുടങ്ങിയത്‌. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ബൃഹദ്‌ പദ്ധതിക്ക്‌ ഈ സർക്കാർ തുടക്കമിട്ടു. കെ ഡെസ്ക് വഴി 20 ലക്ഷംപേർക്കാണ് തൊഴിൽ നൽകുന്നത്‌. വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ച്‌ തൊഴിൽ കൊടുക്കുന്ന സ്വപ്‌നപദ്ധതിയുടെ സർവേ പുരോഗമിക്കുന്നു. സ്ത്രീകൾക്കാണ്‌ ജോലിയിൽ മുൻഗണനയെന്നും മന്ത്രി പറഞ്ഞു. ചമ്പക്കര സെന്റ്‌ ജോർജ് യുപി സ്‌കൂളിലെ 1991 ബാച്ചിലെ പൂർവവിദ്യാർഥി സംഗമത്തിലും പൂണിത്തുറ, ഗാന്ധി സ്‌ക്വയർ, മൂക്കുട്ടിൽ ടെമ്പിൾ റോഡ് കുടുംബയോഗങ്ങളിലും മന്ത്രി സംസാരിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി തേങ്ങോട് എ പി വർക്കി റോഡിലും പാട്ടുപുര അമ്പല കോളനിയിലും വി അബ്ദുറഹ്‌മാൻ തൃക്കാക്കര സെൻട്രലിലും സജി ചെറിയാൻ പൂണിത്തുറയിലും ആന്റണി രാജു തൃക്കാക്കര വെസ്‌റ്റിലും ആർ ബിന്ദു കടവന്ത്രയിലും കെ എൻ ബാലഗോപൽ പൂണിത്തുറയിലും യോഗങ്ങളിൽ പങ്കെടുത്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പാലാരിവട്ടത്തും ഡോ. ടി എം തോമസ്‌ ഐസക്‌ തൃക്കാക്കര ഈസ്‌റ്റിലും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ തമ്മനത്തും എ എം ആരിഫ്‌ എംപിയും മാത്യു ടി തോമസ്‌ എംഎൽഎയും  തൃക്കാക്കര സെൻട്രലിലും പ്രചാരണത്തിനിറങ്ങി. Read on deshabhimani.com

Related News