മെഡിക്കൽ കോളേജ്‌ ഫെബ്രുവരി ആദ്യവാരം പൂർവസ്ഥിതിയിലേക്ക്‌



കൊച്ചി എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഫെബ്രുവരി ആദ്യം രോഗികളുടെ കിടത്തിചികിത്സ ആരംഭിക്കും. ജനുവരി അവസാനം ആലുവ ജനറൽ ആശുപത്രിയിലെ കോവിഡ്‌ ചികിത്സാകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ മെഡിക്കൽ കോളേജ്‌ മറ്റ്‌ രോഗികൾക്കായി തുറന്നുകൊടുക്കാനാണ്‌ അധികൃതരുടെ തീരുമാനം. 2020 മാർച്ച്‌ മുതൽ  കോവിഡ്‌ ചികിത്സാകേന്ദ്രമായി പ്രവർത്തിച്ചുവന്നിരുന്ന മെഡിക്കൽ കോളേജ്‌ പൂർവസ്ഥിതിയിലാകുന്നത്‌ സാധാരണക്കാർക്ക്‌‌ കൂടുതൽ ആശ്വാസമാകും. ഘട്ടംഘട്ടമായാണ്‌ ഇത്‌ നടപ്പിൽ വരുത്തുന്നതെന്ന്‌ മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌  പീറ്റർ വാഴയിൽ പറഞ്ഞു. നിലവിൽ ഒപികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌. സൂപ്പർ സ്‌പെഷ്യാലിറ്റി ഒഴികെയുള്ള ഒപികളാണ്‌ രാവിലെ രണ്ടുമണിക്കൂർ പ്രവർത്തിക്കുന്നത്‌. ഫെബ്രുവരി ആദ്യവാരം സൂപ്പർ സ്‌പെഷ്യാലിറ്റി ഒഴികെയുള്ള ഐപികളും പ്രവർത്തനം ആരംഭിക്കും. ഇതിനായി കോവിഡ്‌ രോഗികളെ പഴയ മെഡിക്കൽ ഐസിയുവിലേക്ക്‌ മാറ്റും. കോവിഡ്‌ വാർഡ് മാറ്റാനുള്ള സിവിൽ ജോലികൾ പൂർത്തിയായിവരുന്നു. മെഡിക്കൽ കോളേജിൽ ഇപ്പോഴും 40 മുതൽ 50 വരെ കോവിഡ്‌ രോഗികൾ ചികിത്സയിലുണ്ട്‌. മെഡിക്കൽ കോളേജിലെ പഠനം പൂർണമായി ആരംഭിക്കുന്നതോടെ സൂപ്പർ സ്‌പെഷ്യാലിറ്റികളായ കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയുടെ പ്രവർത്തനം ആരംഭിക്കും. നിലവിൽ കാത്ത്‌ലാബ്‌, ഡയാലിസിസ്‌ മെഷീനുകൾ, സിടി, എംആർഐ സ്‌കാനുകൾ എന്നിവ പ്രവർത്തിക്കുന്നില്ല. ഐപി ആരംഭിക്കുന്നതോടെ ഇവയും പൂർണതോതിൽ രോഗികൾക്ക്‌ പ്രാപ്യമാകും. Read on deshabhimani.com

Related News