സിയാല്‍ ബിസിനസ് ടെര്‍മിനലില്‍ കണ്ണിന് ഇമ്പമായി 
സംസ്കൃത സ‍ർവകലാശാലയുടെ ചുവര്‍ച്ചിത്രം



കാലടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെർമിനലിന്റെ ചുവരിൽ സംസ്കൃത സ‍ർവകലാശാല ഒരുക്കുന്ന ചുവർചിത്രത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. സംസ്കൃത സ‍ർവകലാശാല ചുവർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ടെർമിനലിന്റെ പ്രവേശനകവാടത്തിന് ഇരുവശവും ചുവർചിത്രം ഒരുങ്ങുന്നത്. മ്യൂറൽ പെയിന്റിങ് വിഭാഗം അസി. പ്രൊഫസറും ചുവർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രം ഡയറക്ടറുമായ ഡോ. ടി എസ് സാജുവിന്റെ നേതൃത്വത്തിൽ സർവകലാശാല പെയിന്റിങ് വിഭാഗം വിദ്യാർഥികളും പൂർവവിദ്യാർഥികളും ചേർന്നാണ് ചുവർചിത്രം രചിക്കുന്നത്. അറുപത് അടി നീളവും ആറ് അടി വീതിയും ചിത്രത്തിനുണ്ട്, കേരളീയ കലാരൂപങ്ങളാണ് ഇതിവൃത്തം. കൂടാതെ ഓണാഘോഷം, വള്ളംകളി, തൃശൂർപ്പൂരം എന്നിവയും ഇടംപിടിച്ചു. 360 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രത്തിന് സിയാല്‍ 19 ലക്ഷം രൂപയാണ് ചെലവിടുന്നത്. എ കെ സതീശൻ, പി എസ് അജിത്കുമാർ, എസ് ഗോർബി, ബി വിനോദ്, ബി രഞ്ജിത്, മാധവ് എസ് തുരുത്തിൽ, ആർ അനൂപ് എന്നിവരുൾപ്പെട്ട സംഘമാണ്ചിത്രമൊരുക്കുന്നത്. Read on deshabhimani.com

Related News