പെരിയാർ കരകവിയില്ല; ആശങ്ക ഒഴിഞ്ഞു

ആലുവ മണപ്പുറം പെരിയാറിലെ ജലനിരപ്പ് നിയന്ത്രണവിധേയമായ നിലയിൽ


കൊച്ചി ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാർ കരകവിയുമെന്ന ആശങ്ക വേണ്ടെന്ന് ജലസേചനവകുപ്പ്. ജലസംഭരണികളിൽ സുരക്ഷിത ജലനിരപ്പായി. ഇടമലയാറിൽ ജലനിരപ്പ് ബ്ലൂ അലർട്ടിനും താഴെയെത്തി. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ ഇടമലയാർ, ഇടുക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോൾ പെരിയാർ കരകവിഞ്ഞ്‌ ഒഴുകാതിരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ജലസേചനവകുപ്പാണ്. വകുപ്പിലെ ജീവനക്കാർ ചെറുതോണിമുതൽ വടുതല, പറവൂർവരെ നിരീക്ഷണവുമായി ഒപ്പംനിന്നു. ഓരോ മണിക്കൂറിലും ജലനിരപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തുവിട്ടിരുന്നു. മഴ കുറഞ്ഞുനിന്നതും കൃത്യമായ ആസൂത്രണവുമാണ് പെരിയാർ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചനവകുപ്പ് സൂപ്രണ്ടിങ്‌ എൻജിനിയർ ആർ ബാജി ചന്ദ്രൻ പറഞ്ഞു. പുഴയിലേക്കൊഴുക്കിയ വെള്ളത്തിന്റെ അളവും കുറവായിരുന്നു. അതുകൊണ്ട്‌ വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞു. പുഴ കായലുമായി ചേരുന്ന ഭാഗങ്ങളിലെ തടസ്സങ്ങൾ നീക്കി ഒഴുക്ക് കൂട്ടിയതും തുണയായി. ഇനി മഴ പെയ്താലും ഇടമലയാർ അണക്കെട്ടിൽ സംഭരിക്കാനുള്ള ഇടമുണ്ട്. ഇടമലയാർ അണക്കെട്ടിലെ ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാം. അസാധാരണ അന്തരീക്ഷം വന്നാൽമാത്രം ആശങ്ക മതി. പെരിയാറിൽ വെള്ളപ്പൊക്കമുണ്ടാകേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് അണക്കെട്ടുകളിലെയും വെള്ളം ഒരുമിച്ച് പെരിയാറിൽ എത്താതിരിക്കാനുള്ള നടപടികളാണ് എടുത്തത്‌. ആദ്യം ഇടമലയാർ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി. ഇടമലയാറിലെ വെള്ളം കായലിൽ എത്തിയശേഷംമാത്രമേ ഇടുക്കിയിലെ വെള്ളം ഭൂതത്താൻകെട്ടിൽ എത്താവൂ എന്നായിരുന്നു കണക്കുകൂട്ടൽ. ഇടമലയാറിലെ വെള്ളം നാലുമണിക്കൂറിനുള്ളിൽ ഭൂതത്താൻകെട്ടിലെത്തിയപ്പോൾ പുഴയിലെ ജലനിരപ്പ് ഉയർന്നത് ഒരു സെന്റിമീറ്റർമാത്രമാണ്. പിന്നീട് ജലനിരപ്പിൽ വ്യതിയാനം കാണിച്ചില്ല. വൈകിട്ട്‌ ആറോടെ വെള്ളം വേമ്പനാട്ട്‌ കായലിൽ ചേർന്നു. Read on deshabhimani.com

Related News