റോഡ്‌ അറ്റകുറ്റപ്പണി ഒക്ടോബർ 
പതിനഞ്ചിനകം പൂർത്തിയാക്കണം



കൊച്ചി ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഒക്‌ടോബർ പതിനഞ്ചിനകം പൂർത്തിയാക്കണമെന്ന് കലക്ടർ രേണു രാജ് നിർദേശിച്ചു.  ഭരണസാങ്കേതിക നടപടി പൂർത്തിയാക്കി 30ന് പഞ്ചായത്ത്, ന​ഗരസഭ, പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കും.  ഹൈക്കോടതി നിർദേശപ്രകാരം ചേർന്ന യോ​ഗത്തിലാണ് തീരുമാനം. വിവിധ റോഡുകളിൽ കുഴിയടയ്ക്കലും അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ​ഗതാ​ഗതം നിയന്ത്രിക്കാൻ പൊലീസിനും ആർടിഒയ്ക്കും ‌നിർദേശം നൽകി. റോഡിലെ അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം. മഴ കുറഞ്ഞ സാഹചര്യത്തിൽ പണികൾ വേഗത്തിൽ പൂർത്തിയാക്കും. ഓരോ പ്രദേശത്തെയും അറ്റകുറ്റപ്പണിയുടെ പുരോ​ഗതി റിപ്പോർട്ട് സമർപ്പിക്കാനും വകുപ്പുകളോട് നിർദേശിച്ചു.കൊച്ചി–-മധുര ദേശീയപാത 85ലെ റോഡുകളിലെ അറ്റകുറ്റപ്പണിക്ക്‌ 64 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം ദേശീയപാത അതോറിറ്റി അനുവദിക്കും. കറുകുറ്റിമുതൽ ഇടപ്പള്ളിവരെ റോഡിന്റെ അറ്റകുറ്റപ്പണി ഏകദേശം പൂർത്തിയായി. കുഴിയടയ്ക്കാനും അറ്റകുറ്റപ്പണിക്കുമായി തുക വിനിയോഗിക്കും. ആലുവ–-പെരുമ്പാവൂർ (കെഎസ്ആർടിസി) റോഡിലെ കുഴിയടയ്ക്കൽ പുരോഗമിക്കുന്നു. 10 ലക്ഷം രൂപയുടെ ജോലിയാണ് നടക്കുന്നത്. ആലുവ-–-മൂന്നാർ റോഡിലെ അറ്റകുറ്റപ്പണിയും ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ അറ്റകുറ്റപ്പണി നടത്തിയ റോഡുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് കലക്ടർ നിർദേശം നൽകി.   Read on deshabhimani.com

Related News