വിള ഇൻഷുറൻസിന്‌ ഓൺലൈൻ അപേക്ഷ



തിരുവനന്തപുരം കർഷകർക്കുള്ള  വിളനാശ ഇൻഷുറൻസിന്‌ ഓൺലൈനായി അപേക്ഷിക്കാൻ അവസരം. സംസ്ഥാന പദ്ധതി പ്രകാരം 27 ഇനം വിളകൾക്കാണ്‌ പരിരക്ഷ നൽകുന്നത്‌. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നൽ, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുള്ള  നാശനഷ്ടങ്ങൾക്കാണ്‌ നഷ്‌ടപരിഹാരം ലഭിക്കുക. ചെറിയ പ്രീമിയം അടച്ചാൽ മതി. ഒരു ഏത്തവാഴയ്‌ക്ക്‌  സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 100ഉം ചേർത്ത് 400 രൂപ നഷ്ടപരിഹാരം  നൽകുന്നുണ്ട്‌. ഈ സ്‌കീമിന്‌ സമയപരിധിയില്ല.  കേന്ദ്രസർക്കാരുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴിയും വിള ഇൻഷുറൻസ്‌ ലഭിക്കും. പദ്ധതി വിജ്ഞാപനം വന്നാൽ അക്ഷയ കേന്ദ്രം,  കൃഷിഭവൻ, പ്രാഥമിക സഹകരണ സംഘം, കാർഷിക വായ്പ എടുത്തിട്ടുള്ള ബാങ്ക്‌ എന്നിവ വഴി പദ്ധതിയിൽ ചേരാം. ഫസൽബീമ വഴി  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും വിജ്ഞാപനം ചെയ്തിട്ടുണ്ട്‌.  കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പ്രകാരം വെള്ളപ്പൊക്കം, കാറ്റ്‌, ഉരുൾപൊട്ടൽ മൂലമുണ്ടാകുന്ന വിളനഷ്ടങ്ങൾക്ക്‌  നഷ്ടപരിഹാരം ലഭിക്കും. ജൂലൈ 31 ആണ്‌ ചേരേണ്ട അവസാന തീയതി.11500 പേർ ഇതുവരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. www.aims.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ്‌ പദ്ധതിയുടെ ഭാഗമാകേണ്ടത്‌. Read on deshabhimani.com

Related News