കോൺഗ്രസിന്‌ ഇഡി കേരളത്തിൽ നല്ലത്‌; ഡൽഹിയിൽ മോശം



തിരുവനന്തപുരം> ഡൽഹിയിൽ മോശക്കാരെന്ന്‌ പറയുന്ന ഇഡിയെ കേരളത്തിലേക്ക്‌ സ്വാഗതം ചെയ്യുകയാണ്‌ കോൺഗ്രസെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനുള്ള യുഡിഎഫ്‌–-ബിജെപി–- എസ്‌ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിന്റെ നീക്കത്തിനെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെ പേരിൽ ഡൽഹിയിൽ ബിജെപിക്കെതിരെ സമരംചെയ്യുന്ന കോൺഗ്രസ്‌ കേരളത്തിൽ ബിജെപിയുടെ കൈപിടിച്ച്‌ ഇഡിയെ സ്വാഗതം ചെയ്യുന്ന വിരോധാഭാസം ജനം തിരിച്ചറിയും. ബിജെപിയുടെ കണ്ണിലെ കരടായ എൽഡിഎഫ്‌ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഏതുവഴിയും അവർ സ്വീകരിക്കും. സ്വർണക്കടത്ത്‌ അന്വേഷിക്കണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌ സംസ്ഥാന സർക്കാരാണ്‌. കേസിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നു. എന്നാൽ, അങ്ങനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ഉണ്ടായില്ല. ഇപ്പോൾ വീണ്ടും ആ കഥകൾ ആവർത്തിക്കുന്നത്‌ ജനം തിരിച്ചറിയും. എൽഡിഎഫ്‌ സർക്കാരിനെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നും കാനം പറഞ്ഞു. Read on deshabhimani.com

Related News