പെൺകുട്ടികളുടെ ‘നോ' 
എന്നാൽ ‘നോ'തന്നെ ; സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ സ്പർശിക്കാൻ പുരുഷൻമാർക്ക്‌ അധികാരമില്ലെന്ന്‌ ഹൈക്കോടതി



കൊച്ചി സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ സ്പർശിക്കാൻ പുരുഷൻമാർക്ക്‌ അധികാരമില്ലെന്ന്‌ ഹൈക്കോടതി. പെൺകുട്ടികൾ "നോ' പറഞ്ഞാൽ "നോ'തന്നെയാണ്‌ അർഥമെന്ന്‌ ആൺകുട്ടികൾ മനസ്സിലാക്കണം. പെൺകുട്ടികളോട്‌ സ്‌നേഹത്തിലും സൗഹാർദത്തോടും ഇടപെടാൻ ആൺകുട്ടികളെ വീടുകളിൽ പരിശീലിപ്പിക്കണമെന്നും കോടതി പരാമർശിച്ചു. കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിലെ പെൺകുട്ടികളോട്‌ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ തനിക്കെതിരെ പ്രിൻസിപ്പൽ നടപടിയെടുത്തത്‌ ചോദ്യംചെയ്ത് വിദ്യാർഥി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. കോളേജിലെ ഇന്റേണൽ കംപ്ലയ്‌ന്റ്‌ കമ്മിറ്റിക്ക്‌ (ഐസിസി) ലഭിച്ച പരാതിയിൽ ഹർജിക്കാരൻ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി റിപ്പോർട്ട്‌ നൽകിയിരുന്നു. തുടർന്ന്‌ പ്രിൻസിപ്പൽ അച്ചടക്കനടപടിയെടുത്തു. എന്നാൽ, തന്റെ വാദം കേൾക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാർഥി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്‌ചയ്ക്കുള്ളിൽ കോളേജിൽ പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ച്‌ രണ്ടു കൂട്ടരെയും കേട്ടശേഷം ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. സ്കൂളുകളിലും കോളേജുകളിലും വിദ്യാർഥിനികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടുകയാണെന്നും ഈ വിഷയത്തിൽ സമൂഹം കൂടുതൽ ഇടപെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നല്ല പെരുമാറ്റം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പ്രൈമറി ക്ലാസുകൾമുതൽ ഈ മൂല്യങ്ങൾ വളർത്തിയെടുക്കണം. ഇതിനായി വിധിന്യായത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോർഡുകൾക്കും നൽകാൻ നിർദേശിച്ചു. വിഷയത്തിൽ യുജിസി സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശിച്ചു. ലിംഗമേന്മാവാദം അംഗീകരിക്കാനാകില്ല പുരുഷന്മാർ സ്‌ത്രീകളെക്കാൾ മേന്മയുള്ളവരാണെന്ന ലിംഗമേന്മാ (sexism) വാദം അംഗീകരിക്കാനാകില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. സ്ത്രീകളോട് മര്യാദയോടെ പെരുമാറുന്നതെങ്ങനെയെന്ന്‌ കുട്ടിക്കാലംമുതൽ ശീലിക്കണം. ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്ന്‌ അവരെ പഠിപ്പിക്കണം. ആൺകുട്ടികൾ പൊതുവേ ലിംഗവിവേചന മനോഭാവത്തോടെയാണ് വളരുന്നത്. പുരുഷത്വത്തെക്കുറിച്ച്‌ പരമ്പരാഗത ചിന്താഗതികൾക്ക്‌ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഏറെ മാറാനുണ്ട്‌. "സമൂഹത്തിന്റെ ഒരുപാതിക്ക്‌ ജന്മം നൽകുന്ന മറുപാതികളാണ്‌ സ്‌ത്രീകൾ. അങ്ങനെ ഈ സമൂഹംതന്നെ അവരാകുന്നു' എന്നുള്ള ഇസ്ലാമിക പണ്ഡിതൻ ഇബ്‌നുൽ ഖയിം അൽ ജൗസിയയുടെ വാക്കുകളും വിധിയിൽ ഉദ്ധരിക്കുന്നു.   Read on deshabhimani.com

Related News