ക്രിമിനലാണോ... ‘കന്നി’ക്കാരും കുടുങ്ങും ; പുതുക്കിയ ഗുണ്ടാ പട്ടിക ഒരാഴ്‌ചയ്‌ക്കകം



തിരുവനന്തപുരം ക്രിമിനലുകളെ മുളയിലേ നുള്ളാൻ കച്ചമുറുക്കി കേരള പൊലീസ്‌. ഒറ്റ കേസിൽ പ്രതിയായവരും ഗുരുതര കുറ്റകൃത്യത്തിൽ പങ്കാളിയാണെങ്കിൽ ഗുണ്ടാ പട്ടികയിൽ പെടുത്തും. ഇതിന്‌ മുഴുവൻ പൊലീസ്‌ സ്‌റ്റേഷനുകളിലെയും  ഗുണ്ടാപട്ടിക ഒരാഴ്‌ചയ്‌ക്കകം പുതുക്കും. ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സ്‌ക്വാഡ്‌ നോഡൽ ഓഫീസർ എഡിജിപി മനോജ്‌ എബ്രഹാമാണ്‌ എസ്‌എച്ച്‌ഒമാർക്ക്‌ ഇത്‌ സംബന്ധിച്ച്‌ നിർദേശം നൽകിയത്‌.  സാധാരണ മൂന്ന്‌ കേസിൽ പ്രതിയാകുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവർ മാത്രമാണ്‌ പട്ടികയിൽ വന്നിരുന്നത്‌. ലിസ്റ്റിൽ പല ക്രിമിനലുകളും പെടുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞാണ്‌ പുതിയ തീരുമാനം.  ഇന്റലിജൻസ്‌ വിഭാഗവും  സമാന്തരമായി ഈ പട്ടിക പുതുക്കും. ഇതും പരിശോധിച്ച്‌ പട്ടിക അന്തിമമാക്കും.  ഇവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിൽ വയ്‌ക്കും. സൈബർ ഗുണ്ടകളെയും ലിസ്റ്റിലാക്കും. കാപ്പ ഇങ്ങനെ ഗുണ്ടാ പട്ടികയിൽപ്പെട്ട ഒരാൾ അപകടകാരിയെങ്കിൽ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) പ്രകാരം ജില്ലാ മജിസ്‌ട്രേട്ടായ കലക്‌ടർക്ക്‌ ഒരു വർഷം നാട്‌ കടത്താം. അഞ്ചുവർഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരുവർഷംമുതൽ അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസോ അതുമല്ലെങ്കിൽ മൂന്ന് കേസിന്റെ വിചാരണയോ വേണം. ഇവർ നോട്ടപ്പുള്ളികൾ കുപ്രസിദ്ധ ഗുണ്ടകൾ,  ക്വട്ടേഷൻ സംഘാംഗങ്ങൾ, സ്‌ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവർ, 
ഗുണ്ടാപിരിവ്‌ നടത്തുന്നവർ, സ്ഥിരം അടിപിടിക്കാർ, കൊള്ളപ്പലിശ സംഘം, മണൽ കടത്ത്‌ സംഘം, 
മയക്കുമരുന്ന്‌ കടത്തുകാരും വിൽപ്പനക്കാരും, വ്യാജ മദ്യം നിർമിക്കുന്നവരും വിൽക്കുന്നവരും , 
അനധികൃത പണമിടപാട്‌ നടത്തുന്നവർ, ഹവാല, കള്ളനോട്ട്‌ സംഘം,
വ്യാജ സിഡി നിർമാതാക്കളും വിൽക്കുന്നവരും, അനാശാസ്യങ്ങളിൽ ഏർപ്പെടുന്നവർ, ഭൂമാഫിയ  Read on deshabhimani.com

Related News