അരൂരിൽ ലുലുവിന്റെ സമുദ്രോൽപ്പന്ന കയറ്റുമതി കേന്ദ്രം വരുന്നു ; മുതൽമുടക്ക് 150 കോടി



കൊച്ചി   കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ സമുദ്രോൽപ്പന്ന സംസ്കരണ കേന്ദ്രം വരുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽമുടക്കിൽ നൂറുശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം പ്രവർത്തനസജ്ജമാകുന്നത്. സമുദ്രവിഭവങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനൊപ്പം സമുദ്രവിഭവങ്ങളിൽനിന്നുള്ള  മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും  ലക്ഷ്യമിടുന്നുണ്ട്. ഇതിന്‌ മാത്രമായി പ്രത്യേക യൂണിറ്റും പുതിയ കേന്ദ്രത്തിലുണ്ടാകും. ഡെന്മാർക്കിൽനിന്ന്‌  അത്യാധുനിക മെഷിനറികൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും നാനൂറ്റമ്പതിലധികം ആളുകൾക്കാണ് തൊഴിൽ ലഭ്യമാകുന്നത്. രണ്ട് യൂണിറ്റുകളിലുമായി മാസം 2000 ടൺ സമുദ്രോൽപ്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്, യുകെ, യുഎസ്, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറൽ മാനേജർ അനിൽ ജലധരനും പ്രൊഡക്‌ഷൻ മാനേജർ രമേഷ് ബാഹുലേയനും പറഞ്ഞു. ഏപ്രിൽ അവസാനവാരത്തോടെ കേന്ദ്രം പൂർണമായി പ്രവർത്തനക്ഷമമാകും. Read on deshabhimani.com

Related News