എസ്‌എംഎ ബാധിച്ച കുട്ടിക്കായി 
സമാഹരിച്ചതിൽ ബാക്കി തുക 
സർക്കാരിന്‌ നൽകണം: ഹൈക്കോടതി



കൊച്ചി സ്‌പൈനൽ മസ്കുലാർ അട്രോഫി (എസ്‌എംഎ) ബാധിതനായ കുട്ടിയുടെ ചികിത്സാർഥം ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുകയിൽ ബാക്കി വന്ന പണം സർക്കാരിന് കൈമാറാൻ അടിയന്തരനടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പണം സമാഹരിച്ച സമിതികൾക്ക് ഇക്കാര്യം കാണിച്ച് അറിയിപ്പ് നൽകാനും കോടതി ഉത്തരവിട്ടു. മലപ്പുറം സ്വദേശി ഇമ്രാൻ മുഹമ്മദിന്റെ ചികിത്സയ്‌ക്കായി സർക്കാർസഹായം തേടി ബാപ്പ ആരിഫ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ക്രൗഡ് ഫണ്ടിങ്ങും ചികിത്സയും സംബന്ധിച്ച് ആറ് നിർദേശങ്ങൾ പുറപ്പെടുവിച്ച കോടതി സത്യവാങ്‌മൂലം സമർപ്പിക്കാൻ കേന്ദ്ര-, സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു. സമാഹരിച്ച തുക ഇതേ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ചികിത്സ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പണം അനുവദിക്കണം. അപൂർവരോഗബാധിതരുടെ ചികിത്സയ്‌ക്ക്‌ ധനസമാഹരണത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കാൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണം. പണം സമാഹരിക്കുന്നതിന് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്നും പരിശോധിക്കണം. ദേശീയ നയത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ ചികിത്സ നൽകാൻ കഴിയുമോ എന്ന് കേന്ദ്ര സർക്കാരും വിശദീകരിക്കണം. Read on deshabhimani.com

Related News