ഐടി നഗരത്തിലുണ്ട്‌ കാനറി കോട്ടയും റൊസാരിയോ തെരുവും

ചിറ്റേത്തുകരയിലെ ബ്രസീൽ, അർജന്റീന ആരാധകരുടെ ഒരുക്കങ്ങൾ


തൃക്കാക്കര   ഫുട്‌ബോൾ ലോകകപ്പിന്‌ ഖത്തറിൽ ഞായറാഴ്‌ച പന്തുരുളുമ്പോൾ ഐടി നഗരമായ കാക്കനാട്ടെ ജങ്‌ഷനുകൾ കോട്ടകളാക്കി മാറ്റിയിരിക്കുകയാണ്‌ ആരാധകർ. കാക്കനാട്‌ ചിറ്റേത്തുകരയിൽ ബ്രസീലിനായി കാനറി കോട്ടയും ‌അർജന്റീനയ്‌ക്കായി റൊസാരിയോ തെരുവും ഒരുങ്ങിക്കഴിഞ്ഞു. ഇഷ്ടടീമുകളുടെ പതാകകളുമായി അലങ്കാരങ്ങളും പ്രധാന താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും വഴിനീളെ നിറഞ്ഞുകഴിഞ്ഞു. അർജന്റീനയും ബ്രസീലും പോർച്ചുഗലും സ്‌പെയിനുമാണ്‌ പ്രധാന ഇഷ്ടടീമുകൾ. തെങ്ങോട് വായനശാല ജങ്‌ഷനിൽ 23 അടി ഉയരത്തിൽ തലയുയർത്തി മെസിയും നെയ്മറും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുമുണ്ട്‌. ബോർഡുകളിൽ പഞ്ച് ഡയലോഗും വെല്ലുവിളിയും വാതുവയ്‌പുമായി രാവും പകലും പ്രധാന ജങ്‌ഷനുകൾ സജീവമാണ്‌. കരിമക്കാട് തോപ്പിൽ സ്‌കൂൾ ജങ്‌ഷനിൽ 40 അടി ഉയരത്തിൽ മെസിയുടെ കട്ടൗട്ട് ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാപിച്ചത്.   തൃക്കാക്കര ബിഎം നഗറിൽ 22 അടിയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് കാണാം. ഇഷ്ടടീമിന്റെ കൊടിതോരണങ്ങൾ കെട്ടാൻ റോഡും പൊതുയിടവും ബിഎം നഗറിൽ പകുത്തെടുത്തിരിക്കുകയാണ്. അർജന്റീനാ കൊടിതോരണങ്ങൾ അവസാനിക്കുന്നിടത്ത്, പോർച്ചുഗലിനും സ്‌പെയിനിനും ബ്രസീലിനുമുള്ള അലങ്കാരങ്ങൾ തുടങ്ങുന്നു.   തൃക്കാക്കരയിൽ പലയിടങ്ങളിലായി അമ്പതിലധികം ബിഗ് സ്ക്രീനുകൾ ലോകകപ്പ് ഫുട്ബോൾ തത്സമയം കാണാൻ ഒരുക്കിയിട്ടുണ്ട്‌. കൂടുതൽ സ്ക്രീനുകൾ വരുംദിവസങ്ങളിൽ ഉയരും. Read on deshabhimani.com

Related News