ബില്ലുകൾ 
തള്ളാനാകില്ല ; അനന്തമായി 
മാറ്റിവയ്‌ക്കാനും 
പറ്റില്ല



തിരുവനന്തപുരം   നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്ക്‌ തള്ളാനാകില്ല. ബില്ലിൽ ഒപ്പിടുക ഗവർണറുടെ‌ ഭരണഘടനാ ബാധ്യതയാണ്‌. ബിൽ അനന്തമായി മാറ്റിവയ്‌ക്കാനും പറ്റില്ല. ഗവർണറുടെ അധികാരങ്ങളും കർത്തവ്യങ്ങളും സംബന്ധിച്ച ഭരണഘടനാ ഭാഗത്ത്‌, ഇതു സംബന്ധിച്ച്‌ വ്യക്തമായ വ്യവസ്ഥകളുണ്ട്‌. നിയമസഭ പാസാക്കുന്ന എല്ലാ ബില്ലും ഗവർണറുടെ അംഗീകാരത്തിന്‌ സമർപ്പിക്കണം. ഇതിൽ ഗവർണർക്ക്‌ മൂന്ന്‌ വഴിയുണ്ട്‌. ഗവർണർ അംഗീകരിക്കുന്ന ബിൽ നിയമമാകും. അല്ലെങ്കിൽ മാറ്റങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും വേണ്ട ഉപദേശമടക്കം നിയമസഭയ്‌ക്ക്‌ മടക്കി അയക്കാം. ധന ബില്ലാണെങ്കിൽ മടക്കിയയക്കാനാകില്ല. ഹൈക്കോടതിയുടെ പദവിയെ ആപത്തിലാക്കുന്ന ഏതെങ്കിലും വ്യവസ്ഥ ബില്ലിൽ ഉൾപ്പെട്ടെന്ന്‌‌ അഭിപ്രായമുണ്ടെങ്കിൽ, രാഷ്ട്രപതിയുടെ അംഗീകാരത്തിന്‌ മാറ്റിവയ്‌ക്കാം. ഈ അധികാരം ദുർവ്യാഖ്യാനം ചെയ്‌താണ്‌ ഏതു ബില്ലും ഗവർണർക്ക്‌ യഥേഷ്ടം മാറ്റിവയ്‌ക്കാൻ അധികാരമുണ്ടെന്ന്‌ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്‌. നിലവിൽ ഗവർണർ ഒപ്പിടാതെ വച്ചിരിക്കുന്ന ആറു ബില്ലിൽ ഇത്തരം പ്രശ്‌നമില്ല. ഓർഡിനൻസായി ഇറക്കിയ നിയമമാറ്റങ്ങളാണ്‌ ബില്ലായി നിയമസഭയിൽ അവതരിപ്പിച്ച്‌ പാസാക്കിയത്‌. ഓർഡിനൻസുകൾ ഗവർണർ അംഗീകരിച്ചവയായിരുന്നു. Read on deshabhimani.com

Related News