നിത്യജീവിതവുമായി ബന്ധപ്പെട്ട ഫയലുകള്‍ വേഗത്തിൽ തീര്‍പ്പാക്കണം: മന്ത്രി പി രാജീവ്‌



കൊച്ചി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഫയലുകൾ കാലതാമസമില്ലാതെ തീർപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഫയലുകൾ അതാതുദിവസംതന്നെ തീർപ്പാക്കണമെന്നും മന്ത്രി പി രാജീവ് നിർദേശിച്ചു. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ജില്ലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ള കർമപദ്ധികൾ രൂപീകരിക്കണം. ഫയൽ പരിഗണിക്കാൻ വിവിധ തട്ടുകൾ ഓഫീസുകളിലുണ്ടാകും. തട്ടുകളുടെ എണ്ണം കുറച്ചാൽ ഫയൽനീക്കം കൂടുതൽ സുഗമമാക്കാം. സർക്കാരിൽനിന്ന്‌ ജനങ്ങൾ വേഗം പ്രതീക്ഷിക്കുന്നുണ്ട്. നൂറുശതമാനം ഫയലുകളും തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുനീങ്ങണമെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം. വേഗത്തിലാക്കാൻ ജില്ലാ അദാലത്ത് സംഘടിപ്പിക്കും. വകുപ്പുകളുടെ ജില്ലാ ഓഫീസർമാർ, കീഴിലുള്ള ഓഫീസുകളെ ഏകോപിപ്പിക്കും. ഓരോ ആഴ്ചയും എഡിഎമ്മും രണ്ടാഴ്ചകൂടുമ്പോൾ കലക്ടറും മാസത്തിൽ മന്ത്രി പി രാജീവും അവലോകനം നടത്തും. മന്ത്രിയുടെ നേതൃത്വത്തിൽ ജൂലൈ 23ന്‌ അടുത്ത അവലോകനയോഗം നടക്കും. കളമശേരി കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. Read on deshabhimani.com

Related News