അപകടകരമായി ബസ്‌ ഓടിച്ചു ;കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കും



കൊച്ചി ദേശീയപാതയിലൂടെ അപകടകരമായി വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് ലൈസൻസിങ്‌ അതോറിറ്റി തീരുമാനിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന സുനിൽകുമാറിന്റെ ലൈസൻസ് ആഗസ്ത്‌ 16 മുതൽ 30 വരെ 15 ദിവസത്തേക്കാണ്‌ സസ്‌പെൻഡ് ചെയ്യുന്നത്. ഏപ്രിൽ പതിനെട്ടിനാണ് സംഭവം. പുളിഞ്ചോട് സിഗ്നലിൽ ചുവപ്പ് സിഗ്നൽ കത്തിനിൽക്കെ സിഗ്‌നൽ ഒഴിവാക്കുന്നതിനായി ഇടതുവശത്തുള്ള സർവീസ് റോഡിലൂടെ വന്ന് പുളിഞ്ചോട് കവലയിൽനിന്ന്‌ ആലുവ ഭാഗത്തേക്ക് പോകുന്ന റോഡിനുകുറുകെ പ്രവേശിച്ച് തിരികെ വീണ്ടും വലത്തേക്ക് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ റെഡ് ബാറ്റൺ കാണിച്ച് വാഹനംനിർത്താൻ ആവശ്യപ്പെട്ടു. മുന്നോട്ടുകയറ്റി നിർത്തിയ വാഹനം പരിശോധിക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി ജി നിഷാന്ത് വാഹനത്തിനുസമീപത്തേക്ക് നീങ്ങിയപ്പോൾ ബസ് മുന്നോട്ട് എടുത്തു ഓടിച്ചുപോകുകയായിരുന്നു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. അതേദിവസംതന്നെ സുനിൽകുമാർ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ നേരിട്ടെത്തി കാരണംകാണിക്കൽ നോട്ടീസ് കൈപ്പറ്റി. നോട്ടീസിന്‌ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്‌ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ തീരുമാനിച്ചത്. ലീഗൽ സർവീസ് അതോറിറ്റിയും മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചേർന്ന്‌ നടത്തുന്ന റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാൻ സുനിൽകുമാറിന് നിർദേശം നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News