പേട്ട കടന്ന്‌ മെട്രോ 
 തൃപ്പൂണിത്തുറയിൽ ; പരീക്ഷണ ഓട്ടം തുടങ്ങി



കൊച്ചി കൊച്ചി മെട്രോ തൃപ്പൂണിത്തുറ വടക്കേക്കോട്ട, എസ്എൻ ജങ്ഷൻ സ്‌റ്റേഷനുകളിലേക്ക് പരീക്ഷണ ഓട്ടം തുടങ്ങി. യാത്രക്കാരെ പേട്ടയിൽ ഇറക്കിയശേഷമാണ്‌ എസ്എൻ ജങ്ഷൻവരെ പരീക്ഷണ ഓട്ടം നടത്തുന്നത്‌. ഇത്‌ ഏതാനും ദിവസം തുടരും. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ കൊച്ചിക്ക്‌ ഇത്‌ അഭിമാനനേട്ടമാണ്. പേട്ടയിൽനിന്ന് എസ്എൻ ജങ്ഷൻവരെയുള്ള 1.8 കിലോമീറ്റർ പാതയുടെ നിർമാണവും സിഗ്നലിങ് ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ട്രാക്ക് ട്രയൽ, സ്പീഡ് ട്രയൽ തുടങ്ങിയവ വിജയകരമായി പൂർത്തിയായതോടെയാണ് ട്രെയിൻ പരീക്ഷണ ഓട്ടത്തിനിറക്കിയത്‌. ഇത്‌ പൂർത്തിയായശേഷം റെയിൽവേ സേഫ്റ്റി കമീഷണറുടെ പരിശോധന നടക്കും. ജൂണിൽ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. വടക്കേക്കോട്ട, എസ്‌എൻ ജങ്ഷൻ സ്റ്റേഷനുകളിലെ ശേഷിക്കുന്ന ജോലി അതിവേഗം പുരോഗമിക്കുന്നു. ഇവിടങ്ങളില്‍ക്കൂടി ട്രെയിൻ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലാകും. മെട്രോപാതയിലെ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേക്കോട്ടയിലേത് 4.3 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ജില്ലയിലെ ഏറ്റവും വലിയ പാർപ്പിട മേഖലയിലാണ്‌ എസ്എൻ ജങ്ഷൻ സ്‌റ്റേഷൻ സ്ഥിതിചെയ്യുന്നത്. 95,000 ചതുരശ്രയടി വിസ്തീർണമുള്ള എസ്‌എൻ ജങ്ഷൻ സ്റ്റേഷനിൽ 29,300 ചതുരശ്രയടി സ്ഥലം വാണിജ്യാവശ്യങ്ങൾക്ക് ലഭ്യമാക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നേരിട്ട്  നിർമിക്കുന്ന ആദ്യപാതയാണ് പേട്ട–-എസ്എൻ ജങ്ഷൻ പാത. 2019 ഒക്‌ടോബറിലാണ് നിർമാണം ആരംഭിച്ചത്. 453 കോടിരൂപയാണ്  നിർമാണച്ചെലവ്. സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവിട്ടു.     Read on deshabhimani.com

Related News