പരിസ്ഥിതി പുനഃസ്ഥാപനം കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി



തിരുവനന്തപുരം പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ മണ്ണിന്‌ അനുയോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റം സ്വാഭാവിക വനശോഷണത്തിന്‌ കാരണമായി. ഇതോടെ  ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഭക്ഷണാവശ്യത്തിന്‌ ആശ്രയിക്കാൻ വന്യമൃഗങ്ങൾ പ്രേരിതരായി. ഇത്‌ വന്യജീവിശല്യത്തിന്‌ ആക്കംകൂട്ടുകയാണെന്നും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗൗരവ പ്രശ്‌നമാണ്‌ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ ‘പരിസ്ഥിതി പുനഃസ്ഥാപനം’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആവാസവ്യവസ്ഥയ്‌ക്ക്‌ ഗുരുതര കോട്ടമുണ്ടാക്കിയ അധിനിവേശ സസ്യ, ജന്തുജാലങ്ങളെ നിർമാർജനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. കാടിന്റെ പാരിസ്ഥിതിക സേവനശേഷി വർധിപ്പിക്കാനുള്ള വന പുനഃസ്ഥാപനവും നിർണായകമാണ്‌. ഈ വിശാലവീക്ഷണം ഉൾക്കൊണ്ടാണ്‌ സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനത്തിനുള്ള നയരേഖ സംസ്ഥാന സർക്കാർ അംഗീകരിച്ചത്‌. ഉയർന്ന ജനസാന്ദ്രതയും ജീവിതനിലവാരവുമുള്ള കേരളത്തിൽ വികസന പദ്ധതികൾക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിരവികസനം എന്നിവയും അവിഭാജ്യഘടകങ്ങളാണ്‌. സംസ്ഥാനത്തെ നിലവിലെ വനമേഖല 11521.8 ചതുരശ്ര കിലോമീറ്ററാണ്‌. കേരളത്തിന്റെ ആകെ വിസ്‌തീർണത്തിന്റെ 29.65 ശതമാനമാണ്‌ ഇത്‌. ദേശീയ വനനയം അനുശാസിക്കുന്ന 33 ശതമാനമെന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ഇതിന്റെ ഭാഗമായി 7211 ഹെക്ടർ യൂക്കാലിപ്‌റ്റ്‌സ്‌, 7342 ഹെക്ടർ അക്കേഷ്യ, 2843 ഹെക്ടർ മാഞ്ചിയം തോട്ടങ്ങളെ സ്വാഭാവിക വനമാക്കി പരിവർത്തിപ്പിക്കണം. തിരുവനന്തപുരം, അച്ചൻകോവിൽ, തെന്മല, മറയൂർ, ചാലക്കുടി, പാലക്കാട്‌ എന്നിവിടങ്ങളിൽ ഇത്തരം പുനഃസ്ഥാപന പ്രവൃത്തികൾ നടക്കുന്നു. വയനാട്‌ വന്യജീവിസങ്കേതത്തിൽ വ്യാപകമായി കണ്ടുവരുന്ന ‘സെന്ന’ സസ്യം നശിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. രാജ്യത്ത്‌ ആദ്യം പാരിസ്ഥിതിക പുനഃസ്ഥാപന നയരേഖ പുറത്തിറക്കിയ സംസ്ഥാനമാണ്‌ കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News