മലയാളം സർവകലാശാലാ സെർച്ച്‌ കമ്മിറ്റി ; തീരുമാനം യുജിസി നിയമങ്ങളുടെയും 
കോടതി വിധികളുടെയും അടിസ്ഥാനത്തിൽ



തിരുവനന്തപുരം തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാളം സർവകലാശാലയ്‌ക്ക്‌ പുതിയ  വൈസ്‌ ചാൻസലറെ തെരഞ്ഞെടുത്ത്‌ ശുപാർശ ചെയ്യുന്നതിന്‌ അഞ്ചംഗ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം യുജിസി റെഗുലേഷനുകളുടെയും വിവിധ കോടതി വിധികളുടെയും അടിസ്ഥാനത്തിൽ. സെർച്ച്‌ കമ്മിറ്റിയിൽ എത്ര പ്രതിനിധി വേണമെന്ന്‌ യുജിസി റെഗുലേഷൻ നിഷ്‌കർഷിക്കുന്നില്ല.  യുജിസി, ചാൻസലർ, സർവകലാശാലാ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർക്കാർ എന്നിവരുടെ ഓരോ പ്രതിനിധികളെ ഉൾപ്പെടുത്തി അഞ്ചംഗ സെർച്ച്‌ കമ്മിറ്റിക്ക്‌ രൂപംനൽകുന്നത്‌ നിയമങ്ങളെല്ലാം പരിശോധിച്ചശേഷമാണ്‌. കേരള സർവകലാശാലാ വിസിയെ  തെരഞ്ഞെടുക്കാനുള്ള സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ സെനറ്റിന്റെ പ്രതിനിധിയെ ഒരു മാസത്തിനകം നാമനിർദേശം ചെയ്യണമെന്ന  ഹൈക്കോടതി ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ വിധി സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ചീഫ്‌ ജസ്റ്റിസ്‌ എസ്‌ മണികുമാർ, ജസ്റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല  ഉത്തരവും പരിഗണിച്ചു. സെർച്ച്‌ കമ്മിറ്റി നിർദേശിക്കുന്ന പാനലിൽനിന്ന്‌ വിസിയെ തീരുമാനിക്കാനല്ലാതെ സെർച്ച്‌ കമ്മിറ്റി രൂപീകരണത്തിൽ ഇടപെടാൻ ചാൻസലർക്ക്‌ അവകാശമില്ലെന്നാണ്‌ ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബഞ്ച്‌ വ്യക്തമാക്കിയത്‌. മലയാളം സർവകലാശാലാ വിസി ഡോ. വി അനിൽകുമാറിന്റെ അഞ്ചുവർഷ കാലാവധി  ഫെബ്രുവരി 28ന്‌ അവസാനിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ വിസിയെ കണ്ടെത്തുന്നതിനുള്ള സെർച്ച്‌ കമ്മിറ്റി രൂപീകരണനടപടി സർക്കാർ ആരംഭിച്ചത്‌. നിലവിലെ വിസിയുടെ കാലാവധി തീരുമ്പോൾത്തന്നെ പുതിയ വിസി ചുമതലയേറ്റ്‌ സർവകലാശാലയുടെ പ്രവർത്തനം സുഗമമായി തുടരണമെന്ന നിശ്ചയദാർഢ്യമാണ്‌ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനു പിന്നിൽ. Read on deshabhimani.com

Related News