കൊച്ചി നഗരസഭ സ്ഥിരംസമിതി : യുഡിഎഫിൽ കലാപം; വട്ടപ്പൂജ്യമായി കോൺഗ്രസ്‌



കൊച്ചി ബിജെപിയുടെ സഹായത്തോടെ യുഡിഎഫിന്‌ ലഭിച്ച  കൊച്ചി കോർപറേഷനിലെ മരാമത്ത്‌ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക്‌ കോൺഗ്രസ്‌ അവകാശവാദമുന്നയിച്ചു. സ്ഥിരംസമിതി പിടിക്കാൻ ബിജെപിയുടെ സഹായം തേടിയില്ലെന്ന്‌ കോൺഗ്രസ്‌ പരസ്യമായി വാദിക്കുന്നതിനിടെയാണിത്‌. എന്നാൽ, തങ്ങൾ മത്സരിച്ചു വിജയിച്ച സ്ഥിരംസമിതിയിലെ അധ്യക്ഷസ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്‌ ഘടകകക്ഷിയായ ആർഎസ്‌പി. എട്ട്‌ സ്ഥിരംസമിതികളിൽ പൊതുമരാമത്ത്‌ സമിതിയിൽ മാത്രമാണ്‌ യുഡിഎഫിന്‌ മേൽക്കൈയുള്ളത്‌. ഇതുൾപ്പെടെ വനിതകൾ അധ്യക്ഷയാകേണ്ട അഞ്ച്‌ സ്ഥിരംസമിതികളിലെ വനിതാ സംവരണ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച്‌ ബിജെപി അംഗങ്ങളുടെയും വോട്ട്‌ യുഡിഎഫിനായിരുന്നു. അതോടെ യുഡിഎഫ്‌ വോട്ടുകൾ എൽഡിഎഫിന്‌ തുല്യമായി.  ഇതിൽ എൽഡിഎഫിലെ ഒരുവോട്ട്‌ അസാധുവായ മരാമത്ത്‌ സമിതിയിലേക്ക്‌ ആർഎസ്‌പി അംഗം വിജയിച്ചു. ധനകാര്യസമിതിയിൽ യുഡിഎഫിനൊപ്പമുള്ള സ്വതന്ത്രാംഗം വിജയിച്ചു. മറ്റു മൂന്നു സമിതികൾ നറുക്കിലൂടെ എൽഡിഎഫിന്‌ കിട്ടി. ധനകാര്യസമിതിയിൽ വിജയിച്ചെങ്കിലും ഡെപ്യുട്ടി മേയറാണ്‌ ഇതിന്റെ അധ്യക്ഷയാകുക. അങ്ങനെ വരുമ്പോൾ പൊതുമരാമത്ത്‌ സമിതിയിൽ മാത്രമാണ്‌ യുഡിഎഫിന്‌ അധ്യക്ഷസ്ഥാനം കിട്ടുക. ആർഎസ്‌പിക്ക്‌ കൗൺസിലിൽ ഒരംഗം മാത്രമാണുള്ളത്‌. മത്സരിച്ച്‌ വിജയിച്ചയാൾ എന്ന നിലയിൽ ആർഎസ്‌പി അംഗം സുനിത ഡിക്‌സണുതന്നെയാണ്‌ അധ്യക്ഷസ്ഥാനത്തിന്‌ അർഹത. ഘടകകക്ഷിയായതുകൊണ്ടാണ്‌ തനിക്ക്‌ ബിജെപി വോട്ട്‌  കിട്ടിയതെന്ന വാദവും അവർ ഉന്നയിക്കുന്നു. ബിജെപിയുടെ പിന്തുണ തേടിയിട്ടില്ലെന്ന്‌ പരസ്യമായി പറഞ്ഞ കോൺഗ്രസ്‌ അവരുടെ പിന്തുണയോടെ കിട്ടിയ അധ്യക്ഷസ്ഥാനത്തിന്‌ അവകാശവാദമുന്നയിക്കുന്നത്‌ ശരിയല്ലെന്നും സുനിത പറയുന്നു. അധ്യക്ഷയാക്കിയില്ലെങ്കിൽ യുഡിഎഫിനുള്ള പിന്തുണ പിൻവലിക്കുമെന്ന്‌ സുനിത ഭീഷണി മുഴക്കിയതായി സൂചനയുണ്ട്‌. 2010–-15 കൗൺസിൽ അംഗമായിരുന്ന സുനിതയ്‌ക്ക്‌ 2015ൽ കോൺഗ്രസ്‌ സീറ്റു നിഷേധിച്ചപ്പോൾ വിമതയായി മത്സരിച്ചിരുന്നു. ഇക്കുറി ആർഎസ്‌പിയുടെ സീറ്റു ലഭിച്ചതുകൊണ്ടുമാത്രമാണ്‌ മത്സരിക്കാനായത്‌.   യുഡിഎഫിന്റെകൂടി വോട്ട്‌ കിട്ടിയതിനാലാണ്‌ സുനിത ഡിക്സണ്‌ വിജയിക്കാനായതെന്നും അധ്യക്ഷ ആരാകണമെന്ന്‌ യുഡിഎഫ്‌ തീരുമാനിക്കുമെന്നാണ്‌ കോൺഗ്രസിന്റെ വാദം. കോൺഗ്രസിലെ മുതിർന്ന കൗൺസിലർമാരായ വി കെ മിനിമോൾ, സീന ഗോകുലൻ എന്നിവരെ തഴഞ്ഞുവേണം ആർഎസ്‌പിയെ പരിഗണിക്കാൻ. അതോടെ പത്തുവർഷം നഗരസഭ ഭരിച്ച കോൺഗ്രസിന്‌ ഭരണപങ്കാളിത്തമില്ലാതാകുമെന്ന നാണക്കേടുമാകും. ഒരംഗം മാത്രമുള്ള കക്ഷിക്ക്‌ അധ്യക്ഷസഥാനം കൊടുക്കരുതെന്നും കോൺഗ്രസ്‌ വാദിക്കുന്നു. എന്നാൽ, ബിജെപി പിന്തുണയോടെ കിട്ടിയ സമിതിയിൽ യുഡിഎഫ്‌ അധ്യക്ഷയാകരുതെന്ന്‌ വാദിക്കുന്ന കോൺഗ്രസുകാരുമുണ്ട്‌. ഇക്കാര്യത്തിൽ 23ന്‌ നടക്കുന്ന സ്ഥിരംസമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപാട്‌ പ്രധാനമാണ്‌. ആർക്കും ഭൂരിപക്ഷമില്ലാത്ത നികുതികാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ ആരെ പിന്തുണയ്‌ക്കുമെന്നതും പ്രധാനം.  ബിജെപിക്ക്‌ നാലും യുഡിഎഫിന്‌ മൂന്നും എൽഡിഎഫിന്‌ രണ്ടും അംഗങ്ങളുമാണുള്ളത്‌. സ്‌ത്രീസംവരണ സീറ്റിലേക്ക്‌ വോട്ട്‌ നൽകിയതിന്‌ പ്രത്യുപകാരം ചെയ്യാൻ തീരുമാനിച്ചാൽ യുഡിഎഫ്‌ പിന്തുണയോടെ ബിജെപിക്ക്‌ അധ്യക്ഷസ്ഥാനം കിട്ടും. ഭൂരിപക്ഷമില്ലാത്തതിനാൽ അധ്യക്ഷസ്ഥാനത്തേക്ക്‌ മത്സരിക്കേണ്ടെന്നാണ്‌ യുഡിഎഫിന്റെ തീരുമാനം. അങ്ങനെ വന്നാലും  ബിജെപിക്ക്‌ ജയിക്കാം. കൊച്ചി കോർപറേഷന്റെ ചരിത്രത്തിലാദ്യമായി ബിജെപിക്ക്‌ ഭരണപങ്കാളിത്തവും കൈവരും. Read on deshabhimani.com

Related News