വൈദ്യുതി നിരക്ക്‌ 
വർധിപ്പിക്കില്ല , വാർത്തകൾ മാധ്യമ സൃഷ്ടി : കെഎസ്‌ഇബി



തിരുവനന്തപുരം   സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക്‌ വർധിപ്പിക്കില്ല. നിരക്ക്‌ വർധനയ്‌ക്ക്‌ നീക്കമെന്നുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. കഴിഞ്ഞ ജൂണിലാണ്‌ വൈദ്യുതി താരിഫ്‌ പുതുക്കിയത്‌. താരിഫ്‌ പുതുക്കിയാൽ ഒരു വർഷത്തിനകം നിരക്ക്‌ പുതുക്കാൻ കഴിയില്ല. സാധാരണ നിരക്ക്‌ സംബന്ധിച്ച്‌ നവംബറിൽ കെഎസ്‌ഇബി റെഗുലേറ്ററി കമീഷന്‌ റിപ്പോർട്ട്‌ കൊടുക്കണം. ഈ റിപ്പോർട്ട്‌ വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടിക്ക്‌ ചൊവ്വാഴ്‌ച നൽകാനിരിക്കുന്നതേയുള്ളൂ. ഈ റിപ്പോർട്ട്‌ ഡിസംബറിൽ റെഗുലേറ്ററി കമീഷന്‌ കൈമാറിയാൽ മതി.  നിരക്ക്‌ വർധനയ്‌ക്കാണ്‌ ശുപാർശയെങ്കിൽപ്പോലും റെഗുലേറ്ററി കമീഷന്‌ ഒട്ടേറെ കടമ്പകളുണ്ട്‌. ജനകീയ ചർച്ചയ്‌ക്ക്‌ വിധേയമാക്കി,  ഉപയോക്താക്കളുടെ അഭിപ്രായവും വാദങ്ങളും കേട്ടശേഷമേ നിരക്ക്‌ വർധന റെഗുലേറ്ററി കമീഷനുപോലും പരിഗണിക്കാനാകൂ. വൈദ്യുതി നിരക്കിൽ നിലവിലെ താരിഫിൽ മാറ്റം വരുത്തില്ലെന്ന്‌ മന്ത്രി വ്യക്തമാക്കിയതാണ്‌. എന്നിട്ടും യുഡിഎഫ്‌ അനുകൂല  ജീവനക്കാരുടെ നുണപ്രചാരണം ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. Read on deshabhimani.com

Related News