ട്രെയിനിൽ അക്രമം ; അകത്തായത്‌ 255 സ്ഥിരം കുറ്റവാളികൾ



തിരുവനന്തപുരം സംസ്ഥാനത്ത്‌ ട്രെയിനിലെ അക്രമ സംഭവങ്ങളിൽ  അഞ്ചുവർഷത്തിനിടെ അകത്തായത്‌ 255 സ്ഥിരം കുറ്റവാളികൾ. മോഷണവും യാത്രക്കാർക്കും സ്‌ത്രീകൾക്കുമെതിരായ അക്രമവും താരതമ്യേന കുറയുന്നതായി റെയിൽവേ. 2010 മുതൽ 2021വരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച്‌ വിവരാവകാശ രേഖപ്രകാരം റെയിൽവേ നൽകിയ മറുപടിയിലാണ്‌ വിവരം.  ഈ കാലയളവിൽ ട്രെയിനുകളിലുണ്ടായത്‌ 2164 മോഷണം. തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിലായി 10 ബലാത്സംഗവും സ്‌ത്രീകൾക്കെതിരെ 535 അതിക്രമവുമുണ്ടായി. മറ്റുള്ളവർക്കെതിരായ ആക്രമണങ്ങൾ 210. പത്ത്‌ വർഷത്തിനിടെ കുറ്റം തെളിഞ്ഞതാകട്ടെ 303 കേസിലും. 176 തിരുവനന്തപുരം ഡിവിഷനിലും 127 പാലക്കാടും–- അജയ്‌ എസ്‌ കുമാർ പ്ലാവോടിന്‌ റെയിൽവേ നൽകിയ മറുപടിയിൽ  പറയുന്നു. പല അക്രമങ്ങളിലും മതിയായ തെളിവ്‌ ശേഖരിക്കാനാകുന്നില്ല. സഹയാത്രക്കാർ പോലും തെളിവുനൽകാൻ തയ്യാറാകാത്തതിനാൽ പല സംഭവങ്ങളും കോടതിയിലെത്തുമ്പോൾ തള്ളിപ്പോകുന്നെന്നും പൊലീസ്‌ പറയുന്നു.സ്ഥിരം ക്രിമിനലുകളെ പരമാവധി അകത്താക്കാൻ കേരളത്തിൽ പൊലീസിന്‌ കഴിയുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പത്ത്‌ വർഷത്തിനിടെ ആകെ പിടിയിലായ 390 പേരിൽ 255ഉം 2016നുശേഷം പിടിയിലായവരാണ്‌.  ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണ്ടായത്‌ 2012–-2014 കാലത്താണ്‌–- സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങൾ 200, മോഷണം 700. Read on deshabhimani.com

Related News