പ്രായം തളർത്താത്ത പോരാളിക്ക്‌ തമിഴകത്തിന്റെ ആദരം



കൊച്ചി ചെന്നൈയിൽനിന്ന്‌ പ്രിയസഖാക്കളെത്തി ആദരം അർപ്പിച്ചപ്പോൾ ആറുപതിറ്റാണ്ടുമുമ്പ്‌  അവിടെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും കേരളസമാജത്തിന്റെയും പ്രവർത്തകനായ വി കെ കൃഷ്‌ണൻനായർക്ക്‌ അടക്കാനാകാത്ത ആഹ്ലാദം. സിപിഐ എം ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി ശെൽവയാണ്‌ കേരളസമാജം പ്രവർത്തകർക്കൊപ്പം കൃഷ്‌ണൻനായരുടെ പാലാരിവട്ടത്തെ വീട്ടിലെത്തി പൊന്നാട അണിയിച്ച്‌ ആദരിച്ചത്‌. ഉപഹാരവും നൽകി. 1977നുമുമ്പ്‌ സിപിഐ എമ്മിൽ ചേർന്നവരെ സിപിഐ എം ചെന്നൈ സെൻട്രൽ ജില്ലാ സമ്മേളനത്തിനുമുന്നോടിയായി   ആദരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്‌. 1960ലാണ്‌ ബർമാഷെൽ കമ്പനിയിൽ ഉദ്യോഗസ്ഥനായി വൈക്കം സ്വദേശിയായ വി കെ കൃഷ്ണൻനായർ ചെന്നൈയിൽ എത്തുന്നത്‌. അന്നുമുതൽ തമിഴ്‌നാട്ടിൽ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകനായി. ഡോ. സി ആർ കൃഷ്‌ണപിള്ളയുടെയും കെ പത്മനാഭൻനായരുടെയും നേതൃത്വത്തിൽ 1939ൽ ആരംഭിച്ച മദ്രാസ്‌ കേരളസമാജത്തിലും കൃഷ്‌ണൻനായർ പ്രവർത്തകനായി. ബർമാഷെൽ ഭാരത്‌ ഗ്യാസായി ദേശസാൽക്കരിച്ചപ്പോൾ 1981ൽ കൊച്ചിയിലേക്ക്‌ സ്ഥലംമാറ്റം ലഭിച്ചു. ഇപ്പോൾ 95 വയസ്സുള്ള കൃഷ്‌ണൻനായർ പാലാരിവട്ടത്ത്‌ മകൻ ജയചന്ദ്രന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്‌. കേരളസമാജം ജനറൽ സെക്രട്ടറി ടി അനന്തൻ, ഭരണസമിതി അംഗം കെ ആർ ഗോപകുമാർ, വൈസ്‌ പ്രസിഡന്റ്‌ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്‌ണൻ, ട്രസ്‌റ്റ്‌ ട്രഷറർ എം കെ എ അസീസ്‌ എന്നിവരും എത്തിയിരുന്നു.   Read on deshabhimani.com

Related News