നീരൊഴുക്ക് സുഗമമാക്കി; 
നദികൾ ശാന്തമായി ഒഴുകി



കൊച്ചി കാലവർഷം കലിതുള്ളിയെത്തിയിട്ടും ഇടമലയാർ, ഇടുക്കി ഡാമുകൾ തുറന്നിട്ടും പെരിയാറും മൂവാറ്റുപുഴയാറും കരകവിയാതെ കാത്തത്‌ ‘ഓപ്പറേഷൻ വാഹിനി’യെന്ന്‌ ഔദ്യോഗിക വിലയിരുത്തൽ. നഗരത്തിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ‘ഓപ്പറേഷൻ ബ്രേക്‌ത്രൂ’ പദ്ധതിയും തുണച്ചെന്ന്‌ കലക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ജില്ലയിൽ 179 തോടുകളിലെ മാലിന്യം നീക്കി ശുചീകരിച്ചതാണ്‌ പെരിയാറും മൂവാറ്റുപുഴയാറും സുഗമമായി ഒഴുകാനും കരകവിയാതിരിക്കാനും കാരണമായത്‌.  പെരിയാറിൽനിന്ന്‌ 21,86,102 ഘനമീറ്ററും മൂവാറ്റുപുഴയാറിൽനിന്ന് 1,72,773 ഘനമീറ്ററും എക്കൽ നീക്കി. തോടുകളിലെയും പുഴകളിലെയും ചെളിയും എക്കലും നീക്കി ആഴം വർധിപ്പിച്ചു.  പെരിയാറിൽ നീരൊഴുക്ക് സുഗമമായതിനാൽ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയില്ല. ഡാമുകൾ തുറന്നും മഴ പെയ്തും വെള്ളമെത്തിയിട്ടും തീരപ്രദേശങ്ങളിൽ കാര്യമായ വെള്ളപ്പൊക്കമുണ്ടായില്ല. 2022 ഫെബ്രുവരി ഇരുപത്തിമൂന്നിനാണ്‌ ഓപ്പറേഷൻ വാഹിനി പദ്ധതി ആരംഭിച്ചത്. പെരിയാർ തടത്തെ ആറു റീച്ചുകളായി തിരിച്ച്‌ നടത്തിയ പഠനത്തിൽ മെയിൻ സ്ട്രീമിൽ 1,21,53,939 ഘനമീറ്ററും കൈവഴികളിൽ 52,73,703 ഘനമീറ്ററും എക്കലുണ്ടെന്ന് കണ്ടെത്തിയിരുന്നു.  കരിമണൽ പാലം, -ഭൂതത്താൻകെട്ട് ബാരേജ്,  - കാലടി പാലം, - മാർത്താണ്ഡവർമ പാലം, വടുതല എന്നിവയാണ് ജില്ലയിലെ അഞ്ചു റീച്ചുകൾ.  പെരിയാറിൽനിന്ന്‌ 32,901 ഘനമീറ്ററും കൈവഴികളിൽനിന്ന്‌ 21,53,201 ഘനമീറ്ററും എക്കൽ ഇതുവരെ നീക്കി. പെരിയാറിൽ അഞ്ചു റീച്ചുകളിലായി 140 തോടുകൾ ശുചീകരിച്ചു.  മൂവാറ്റുപുഴയാറിനെ രണ്ടു റീച്ചുകളായി തിരിച്ച്‌ 39 തോടുകളിൽ നിന്നായി 1,72,773 ഘനമീറ്റർ എക്കൽ നീക്കി. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദുമോള്‍, ജലസേചനവകുപ്പ്, പൊതുമരാമത്ത്, ജല അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News