സമകാലിക ഇന്ത്യയെ വരച്ച് നേമം പുഷ്പരാജ്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കുന്ന നേമം പുഷ്പരാജിന്റെ കലാപ്രദർശനം സുനിൽ പി ഇളയിടം കാണുന്നു


കൊച്ചി സിനിമാസംവിധായകനും കലാസംവിധായകനും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ നേമം പുഷ്പരാജിന്റെ ‘ഡിസ്റ്റോപിയ' കലാപ്രദർശനം എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ശനിയാഴ്ച സമാപിക്കും. ചിത്രങ്ങളും ശിൽപ്പങ്ങളും റിലീഫുകളുമായി 70 കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. സമകാലീന ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങളും ഗൗരവമുള്ള ചിന്തകളും ഉൾക്കൊള്ളുന്ന ചിത്രങ്ങൾ വർത്തമാനകാലത്തിന്റെ പ്രതിബിംബമാണ്. വർഗീയതയും മതവെറിയും അസഹിഷ്ണുതയും ഇരുട്ടുപടർത്തുന്ന ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദമാണ് പല ചിത്രങ്ങളും. ചിത്രങ്ങളിലൂടെ സമകാലീന ഇന്ത്യയുടെ മൂല്യച്യുതിയെ അടയാളപ്പെടുത്തുകയാണെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ദേശപൈതൃകത്തിന്റെ മഹാവൃക്ഷത്തിന്റെ മുകളിൽ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും മുഖമുള്ള ചിത്രം ശ്രദ്ധേയമാണ്. മുഖമില്ലാത്ത വിവേകാനന്ദനും ശിരസ്സറ്റ ബുദ്ധനും അരികിൽത്തന്നെയുണ്ട്. താഴെ ആ മഹാവൃക്ഷത്തിന്റെ തായ്‌വേര് കാർന്നുതിന്നുന്ന എലികളെയും കാണാം. മറ്റൊരു ചിത്രത്തിൽ പാർലമെന്റിന്റെ ഛായയുള്ള കെട്ടിടത്തിന്മേൽ ഒരു പശു നിൽക്കുന്നു; താഴെ മരിച്ചുവീണ ഒരു മനുഷ്യനുമുണ്ട്. അധികാരവും സമ്പത്തും ഉണ്ടെങ്കിൽ എന്തും വിലയ്ക്ക് വാങ്ങാമെന്ന ഭാവത്തിൽ ഇരിക്കുന്ന വ്യക്തിയുടെ റിലീഫ് ശ്രദ്ധേയമാണ്. അയാളുടെ കൈയിലെ ചൂണ്ടയിൽ ഡോക്ടറും അഭിഭാഷകനും കുരുങ്ങിക്കിടക്കുകയാണ്. Read on deshabhimani.com

Related News