പീഡനത്തിനിരയായ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വിട്ടയച്ചു



കൊച്ചി പാലക്കാട് അഗളിയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പാലക്കാട് പ്രത്യേക കോടതി ഉത്തരവിനെതിരെ താവളം സ്വദേശികളായ മണി, രാജൻ എന്നിവർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. കൊല്ലപ്പെട്ട യുവതിയുടെ സമുദായത്തിൽപ്പെട്ടയാളെ പ്രതിയാക്കുന്നതിനെതിരെ സമുദായം ശബ്ദമുയർത്തിയതിനെ തുടർന്ന് ഉയർന്ന ജാതിയിൽപ്പെട്ട രണ്ടുപേരെ പ്രതിയാക്കുകയും പൊതു സമുഹത്തിന്റെ മുറവിളിക്കനുസരിച്ച് പൊലീസ് പ്രവർത്തിച്ച കേസാണിതെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. പ്രതികൾക്കെതിരെ പട്ടികജാതി–-വർഗ പീഡന നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. യുവതിയുടെ സുഹൃത്തും അതേ സമുദായത്തിൽപ്പെട്ടയാളും കേസിലെ എട്ടാം സാക്ഷിയും ജുൻഗനും മണിയും രാജനും അടക്കം മുന്നുപേരെ അറസ്റ്റ് ചെയ്തെങ്കിലും ജുൻഗൻ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടു. 2005 ജൂണിൽ നടന്ന സംഭവത്തിൽ മൂന്നുമാസം കഴിഞ്ഞാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതി മരിച്ചുകിടക്കുന്നത് കണ്ടതായി അറിയിച്ചതും ജുൻഗനാണ്. ഇയാളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് വിചാരണക്കോടതിതന്നെ കണ്ടെത്തിയിട്ടും അതേ മൊഴിയുടെ അടിസ്ഥാനത്തിൽത്തന്നെ പ്രതികളെ ശിക്ഷിക്കുകയായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ഇരുപത്തെട്ടാം സാക്ഷിയായ പഞ്ചായത്ത് അംഗം കേസിൽ പുകമറയുണ്ടെന്ന് മൊഴി നൽകിയിരുന്നു. വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഡിഎൻഎ പരിശോധനയിലും അവ്യക്തതയുണ്ടെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. Read on deshabhimani.com

Related News