ശുചീകരണത്തൊഴിലാളികൾ
 നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു



മൂവാറ്റുപുഴ മൂവാറ്റുപുഴ നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ ബദൽ തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയിലെ 45 സ്ഥിരം ശുചീകരണത്തൊഴിലാളികൾക്കുപുറമേ നാലുവർഷമായി തുടരുന്ന 17 ബദൽ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. സ്ഥിരം തൊഴിലാളികൾ അവധിയിലാകുമ്പോഴാണ്‌ ബദൽ തൊഴിലാളികൾക്ക്‌ തൊഴിൽ നൽകുന്നത്‌. ഇവരെ പിരിച്ചുവിടുന്നതോടെ നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെടും. നഗരസഭാ സെക്രട്ടറി, ആരോഗ്യവിഭാഗം മുഖ്യ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ, നഗരസഭാ ചെയർമാൻ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എന്നിവരുടെ ഗൂഢാലോചനയാണ് തൊഴിലാളികളെ പിരിച്ചുവിട്ടതിനുപിന്നിലെന്ന് ആരോപണമുണ്ട്‌. മാലിന്യനീക്കം സ്വകാര്യ കരാറുകാരെ ഏൽപ്പിക്കാനാണ്‌ നീക്കമെന്നും പറയുന്നു. മുനിസിപ്പൽ തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലായിരുന്നു ഉപരോധം. സമരം സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി വി ടി ശശി, എൽഡിഎഫിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ നിസ അഷറഫ്, കൗൺസിലർമാരായ കെ ജി അനിൽകുമാർ, കെ എം സലീം, വി എ ജാഫർ സാദിഖ്, പി വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിലാളികളെ തിരിച്ചെടുത്തില്ലെങ്കിൽ സമരം തുടരുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. Read on deshabhimani.com

Related News