കെ റെയിൽ കുറ്റി 
പറിച്ചിടത്തെല്ലാം 
യുഡിഎഫ്‌ തകർന്നു



തിരുവനന്തപുരം രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട്‌ സിൽവർ ലൈനിനെതിരെ അക്രമസമരം നടത്തിയ സ്ഥലങ്ങളിലൊന്നും തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ യുഡിഎഫിനായില്ല. ഇവിടെയെല്ലാം ജയിച്ചുകയറിയത് എൽഡിഎഫാണ്. ജനങ്ങൾ മുതലെടുപ്പ്‌ സമരത്തോടൊപ്പമല്ല, വികസനത്തോടൊപ്പമാണെന്ന് വീണ്ടും തെളിഞ്ഞു. കല്ലിടൽ തടഞ്ഞ തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന് വാർഡ്‌ എൽഡിഎഫ് നേടി.  എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11–--ാം വാർഡും യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. ഇവിടെ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്നു എൽഡിഎഫ്. മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് വാർഡും സിൽവർ ലൈൻവിരുദ്ധ സമരകേന്ദ്രങ്ങളിലൊന്നായിരുന്നു. 280 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടം എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തത്.   പയ്യന്നൂർ നഗരസഭയിലെ ഒമ്പതാം വാർഡ്‌,  മുഴുപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേക്കുന്നുംപുറം വാർഡ്‌ എന്നിവിടങ്ങളിലും യുഡിഎഫിന്‌ നിലംതൊടാനായില്ല. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ മുഴുപ്പിലങ്ങാട്‌ പഞ്ചായത്തിൽ പുറത്തുനിന്ന് ആളെയെത്തിച്ചായിരുന്നു കല്ലുപറിക്കൽ സമരം.  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കം ക്യാമ്പ്‌ ചെയ്‌തായിരുന്നു പ്രവർത്തനം. കെ–-റെയിൽ സമരം ആദ്യം അരങ്ങേറിയ കൊട്ടിയമടക്കമുള്ള കൊല്ലം ജില്ലയിലും ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡിൽ അഞ്ചും എൽഡിഎഫ് നേടി. Read on deshabhimani.com

Related News