വെള്ളൂർ പുതിയ കുതിപ്പിന്‌ സജ്ജം , എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിന്റെ ഫല : പി രാജീവ്‌



വെള്ളൂർ കെപിപിഎല്ലിന്റെ ഉദ്‌ഘാടനത്തോടെ വെള്ളൂർ പുതിയ കുതിപ്പിന്‌ സജ്ജമായതായി വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. അസാധാരണമായ പുനരുജ്ജീവന ദൗത്യത്തിലൂടെയാണ്‌ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌ യാഥാർഥ്യമായത്‌. എൽഡിഎഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തിന്റെ ഫലമാണിത്‌. കെപിപിഎൽ പ്രവർത്തനോദ്‌ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.     ഉദ്‌ഘാടന വാർത്തയറിഞ്ഞ്‌ കഥാകൃത്ത്‌ ടി പത്മനാഭൻ വിളിച്ചിരുന്നു. "ഇതൊരു കമ്പനിയുടെ പിറവിയല്ല, നാടിന്റെ വീണ്ടെടുപ്പാണെ'ന്ന്‌ പറഞ്ഞു. അതിന്‌ കടപ്പെട്ടിരിക്കുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയനോടാണ്‌. ഇന്ത്യയിൽ ഒരു മുഖ്യമന്ത്രിയും  ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത ഉത്തരവാദിത്വം ഏറ്റെടുത്ത്‌ അദ്ദേഹം നടപ്പാക്കി. എച്ച്‌എൻഎൽ  നാടിന്‌ നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ സംസ്ഥാന സർക്കാർ അത്‌ സ്വന്തമാക്കി. രാജ്യ ചരിത്രത്തിൽ തന്നെ ആദ്യനടപടിയാണിത്‌. കെപിപിഎൽ സ്ഥാപിക്കാനുള്ള നടപടകളിലേക്ക്‌ നീങ്ങിയപ്പോൾ - ‘ഇതൊരു വലിയ തീരുമാനത്തിന്റെ ഭാഗമാണ്‌. അത്‌ നന്നായി കൊണ്ടുപോകണം’ എന്നാണ്‌  മുഖ്യമന്ത്രി പറഞ്ഞത്‌. ആ ലക്ഷ്യത്തിലാണ്‌ മുന്നോട്ടുനീങ്ങിയത്‌. മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി. നാല്‌ ഘട്ടമായുള്ള പുനരുദ്ധാരണ പദ്ധതി തയ്യാറാക്കി. നിശ്‌ചയിച്ചതിലും നേരത്തേ ഒന്നാം ഘട്ടം പൂർത്തിയാക്കി. രണ്ടാംഘട്ടം പുരോഗമിക്കുകയാണ്‌. പൂർണമായും പ്രൊഫഷണൽ മാനേജ്‌മെന്റിന്റെ കീഴിലായിരിക്കും കെപിപിഎൽ പ്രവർത്തിക്കുക. പഴയ എച്ച്‌എൻഎൽ തൊഴിലാളികൾക്ക്‌ മുൻഗണന നൽകും. കമ്പനികളിൽ "ഓട്ടോമാറ്റിക്‌' ആയുള്ള സ്ഥിരപ്പെടുത്തലും പ്രൊമോഷനും ഇനിയുണ്ടാകില്ല. ജോലിയിലെ പ്രകടനവും കഴിവും അടിസ്ഥാനമാക്കിയാകും അത്തരം കാര്യങ്ങൾ. കെപിപിഎല്ലിനോട്‌ ചേർന്ന്‌ തന്നെ ഒരുവർഷത്തിനകം കേരള റബർ ലിമിറ്റഡും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. കിൻഫ്രയുടെ ഇൻഡസ്‌ട്രിയൽ പാർക്കും ഇവിടെ തുടങ്ങുമെന്ന്‌ മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News