സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ വാങ്ങിയത്‌ 80 ലക്ഷം കുടുംബം ; പിഎംജികെഎവൈ: അരി, പയർ വിതരണം നാളെ മുതൽ



സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് 80 ലക്ഷം റേഷൻ കാർഡുടമകൾ ‌ വാങ്ങി. വെള്ള കാർഡുടമകൾക്കുള്ള കിറ്റ്‌ വിതരണം റേഷൻ കടകളിലെ തിരക്ക്‌ പരിഗണിച്ച്‌ വ്യാഴാഴ്‌ചവരെ നീട്ടി. കിറ്റ്‌ വാങ്ങാനാകാത്തവർക്ക്‌ 25നുശേഷം സപ്ലൈകോ വിപണനശാലകൾ വഴി വാങ്ങാം. 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതിപ്രകാരം റേഷൻ കാർഡിന്‌ അപേക്ഷിച്ച 17000 കുടുംബത്തിന്‌ പുതിയ കാർഡ് നൽകി. അവർക്ക്‌ റേഷനും പലവ്യഞ്ജന കിറ്റും 21ന് ലഭ്യമാക്കും. റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻകട സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പുറത്ത് അടച്ചുപൂട്ടൽമൂലം നിലവിൽ താമസിക്കുന്നവർക്ക് സത്യവാങ്മൂലം ഹാജരാക്കി ഇപ്പോൾ താമസിക്കുന്ന റേഷൻ കടയിൽനിന്ന്‌ വ്യാഴാഴ്‌ചവരെ കിറ്റുകൾ വാങ്ങാം. ബുദ്ധിമുട്ട് നേരിടുന്നവർ താലൂക്ക് സപ്ലൈ ഓഫീസറെയോ റേഷനിങ് ഇൻസ്പെക്ടറെയോ ബന്ധപ്പെടണം. അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, കോൺവെന്റുകൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് അർഹതപ്പെട്ട കിറ്റുകൾ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടെയും അംഗീകാരത്തോടെ സപ്ലൈകോ വിപണനശാലയിൽനിന്ന്‌ നൽകും.  പിഎംജികെഎവൈ:  അരി, പയർ വിതരണം നാളെ മുതൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരമുള്ള  മെയ് മാസത്തെ അരി, കടല/ ചെറുപയർ വിതരണം റേഷൻ കട വഴി  വ്യാഴാഴ്‌ച മുതൽ ആരംഭിക്കും.  എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡുകളിലെ ഒരംഗത്തിന് അഞ്ച്‌ കിലോ വീതം അരിയും കാർഡൊന്നിന് ഒരു കിലോ കടല/ പയർ വീതവും ലഭിക്കും.  ഏപ്രിൽ മാസത്തെ കടല/ പയർ വിഹിതം വാങ്ങാത്ത കാർഡുടമകൾക്ക് മെയ് മാസത്തെ വിഹിതം ഉൾപ്പെടെ രണ്ടു കിലോ കടല/ പയർ ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. Read on deshabhimani.com

Related News