ഇപ്പോൾ തോമസ്‌ മാഷ്‌ അനഭിമതൻ ; കുറ്റപ്പെടുത്തുന്നതിനു പിന്നിൽ രാഷ്‌ട്രീയ ദുഷ്ടലാക്ക്‌



തിരുവനന്തപുരം കെ വി തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ  പ്രത്യേക പ്രതിനിധിയാക്കിയതിനെ ചെലവിന്റെ പേരുപറഞ്ഞ്‌ കുറ്റപ്പെടുത്തുന്നതിനു പിന്നിൽ രാഷ്‌ട്രീയ ദുഷ്ടലാക്ക്‌. മുമ്പ്‌ തോമസ്‌ മാഷ്‌ ‘കണ്ണിലുണ്ണി’ ആയിരുന്ന യുഡിഎഫ്‌ പത്രത്തിനടക്കം ഇപ്പോൾ സംഘപരിവാർ ‘പാലം’ ആക്കിയത്‌ കരണംമറിച്ചിലും. മുതിർന്ന നേതാക്കളടക്കം കോൺഗ്രസിലുള്ളവരെല്ലാം സംഘപരിവാർ ബന്ധുക്കളാണ്‌ എന്നാണ്‌ ഫലത്തിൽ ഇവരുടെ ആക്ഷേപം. ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട ‘സമ്പത്തിക ഭദ്രതാ’ വാദവും ‘കടക്കെണി ഭയപ്പാടും’ ഇവരുടെ ലക്ഷ്യം കൃത്യമായി വെളിപ്പെടുത്തുന്നു. ‘സാമ്പത്തിക ബുദ്ധിമുട്ടിലും ധൂർത്ത്‌ ’ എന്ന നുണ പ്രചരിപ്പിച്ച്‌ സർക്കാരിനെ നിഷ്‌ക്രിയമാക്കുക എന്നതാണ്‌ ഉദ്ദേശ്യം. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻതന്നെയാണ്‌ കെ വി തോമസിന്റെ നിയമനം. 26 വർഷം പാർലമെന്റിലുണ്ടായിരുന്ന, പലവട്ടം കേന്ദ്രമന്ത്രിയായിരുന്ന, പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയർമാനായിരുന്ന കെ വി തോമസിനെപ്പോലെ ഒരാളുടെ പരിചയസമ്പന്നത കേരളത്തിന്റെ നേട്ടത്തിനായി പ്രയോജനപ്പെടുത്തുകയാണ് സർക്കാർ. സംസ്ഥാനത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങളും പദ്ധതികളും ശ്രദ്ധക്കുറവുകൊണ്ട്‌ നഷ്ടപ്പെടരുതെന്ന നിർബന്ധബുദ്ധിയാണ് ഇതിനു പിന്നിൽ. കേരളം കേന്ദ്ര സർക്കാരിനോടാണ്‌ ആവശ്യങ്ങൾ ഉന്നയിക്കുന്നത്‌. അതിനെ സംഘപരിവാർ ബന്ധമെന്ന്‌ വ്യാഖ്യാനിക്കുന്നതിനു പിന്നിൽ രാഷ്‌ട്രീയഭയം മാത്രമാണ്‌. Read on deshabhimani.com

Related News