നഴ്‌സുമാർക്ക്‌ അവസരങ്ങളുമായി 
വിവിധ രാജ്യങ്ങൾ ; കുടിയേറ്റവ്യവസ്ഥകൾ ഉദാരമാക്കി



  കൊച്ചി ഇന്ത്യയിൽനിന്നുള്ള നഴ്‌സുമാർക്കായി വാതിൽ തുറന്നിട്ട്‌ വിവിധ രാജ്യങ്ങൾ. പല രാജ്യങ്ങളും മുൻപരിചയമടക്കം കുടിയേറ്റത്തിനുള്ള വ്യവസ്ഥകൾ ഉദാരമാക്കി. വേതനവും മറ്റ്‌ ആനുകൂല്യങ്ങളും വർധിപ്പിച്ചു.കുടിയേറുന്ന നഴ്‌സുമാർക്ക്‌ ഏർപ്പെടുത്തിയിരുന്ന ബ്രിഡ്‌ജ്‌ കോഴ്‌സ്‌ ഓസ്‌ട്രേലിയ നിർത്തി. ഇപ്പോൾ എൻസിഎൽഇഎക്‌സ്‌ ആർഎൻ പരീക്ഷ വിജയിച്ചാൽമാത്രംമതി. ന്യൂസിലൻഡ്‌, യുകെ തുടങ്ങിയ രാജ്യങ്ങൾ ഒഇടി, ഐഇഎൽടിഎസ്‌ സ്‌കോർ കുറച്ചു. ഫിലിപ്പീൻസിൽനിന്നുള്ള നഴ്‌സുമാർക്ക്‌ മുൻഗണന നൽകിയിരുന്ന ജപ്പാൻ, വ്യവസ്ഥ പിൻവലിച്ചു. ജാപ്പനീസ്‌ ഭാഷ അറിയാവുന്നവർക്ക്‌ ജോലി ലഭിക്കും. ജർമനി 2.5 ലക്ഷം, ജപ്പാൻ 1.4 ലക്ഷം, ഫിൻലൻഡ്‌ 15000, യുകെ 50000, ഓസ്‌ട്രേലിയ 15000, ന്യൂസിലൻഡ്‌ 10000, അയർലൻഡ്‌ 5000 എന്നിങ്ങനെ നഴ്‌സുമാരുടെ ഒഴിവുണ്ടെന്നാണ്‌ അതത്‌ സർക്കാരുകൾ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്‌. യൂറോപ്യൻ, ഓസ്‌ട്രേലിയൻ രാജ്യങ്ങൾ കുടിയേറാൻ അവസരം ഒരുക്കുമ്പോൾ ഗൾഫ്‌ രാജ്യങ്ങളോട്‌ കേരളത്തിലെ നഴ്‌സുമാർക്ക്‌ താൽപ്പര്യം കുറയുകയാണ്‌. സൗദി അറേബ്യ അടുത്തിടെ 2500 നഴ്‌സുമാർക്കായി റിക്രൂട്ടിങ്‌ നടത്തിയിരുന്നു. എന്നാൽ 250 പേർമാത്രമാണ്‌ അർഹരായത്‌. ഇന്ത്യയിൽനിന്ന്‌ വിദേശത്തുപോകുന്ന നഴ്‌സുമാരിൽ 95 ശതമാനത്തിലധികം കേരളത്തിൽനിന്നാണ്‌. ജർമനിയിലേക്ക്‌ നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനായി ഫെഡറൽ എംപ്ലോയ്‌മെന്റ്‌ ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ–-ഓപ്പറേഷൻ, നോർക്ക റൂട്‌സ്‌ എന്നിവർ ചേർന്ന്‌ ട്രിപ്പിൾ വിൻ പ്രോഗ്രാം നടത്തുന്നുണ്ട്‌. ജർമൻ ഭാഷാ പരിശീലനം അടക്കം നൽകുന്നു. ഇതിൽ ആദ്യബാച്ചിൽ യോഗ്യത നേടിയവർ ജർമനിയിൽ ജോലിയിൽ പ്രവേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദർശനത്തിൽ ഒപ്പുവച്ച കരാർപ്രകാരമുള്ള റിക്രൂട്ട്‌മെന്റ്‌ മേള 21ന്‌ തുടങ്ങും. ഡോക്ടർമാർ, നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്‌റ്റ്‌, സ്‌പീച്ച്‌ തെറാപ്പിസ്‌റ്റ്‌, ഡയറ്റീഷ്യൻ തുടങ്ങി ആയിരത്തഞ്ഞൂറോളം പേർക്ക്‌ തൊഴിലവസരം ലഭിക്കും. Read on deshabhimani.com

Related News