പെണ്ണുകാണാൻ കൊണ്ടുപോയി കവർച്ച: ഒരാൾകൂടി അറസ്റ്റിൽ



കൊച്ചി എറണാകുളത്തുനിന്ന്‌ വ്യവസായിയെ മൈസുരൂവിൽ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി. വടകര കായക്കൊടി തളീയിക്കര പുളകണ്ടി വീട്ടിൽനിന്ന്‌ ‌താമരശേരി കൊടുവള്ളി വാവാട് മദ്രസയ്‌ക്ക് സമീപം ബീരാന്റെ വീട്ടിൽ താമസിക്കുന്ന അൻവർ ഇബ്രാഹിമാണ്‌ (43) അറസ്റ്റിലായത്. 2019 ഫെബ്രുവരിയിലായിരുന്നു സംഭവം. മൈസുരൂവിലെ വിജനമായ പ്രദേശത്തെ വീട്ടിലെത്തിച്ചു. അവിടെ പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ്‌ മുറിയിൽ കയറിയശേഷം പ്രതികൾ മുറി പുറത്തുനിന്നു പൂട്ടി. ഉടനെ കർണാടക പൊലീസ് എന്ന വ്യാജേന  സംഘാംഗങ്ങൾ വീട്ടിലെത്തുകയും‌ ഭീഷണിപ്പെടുത്തി നഗ്നനാക്കി യുവതിയോടൊപ്പം ഫോട്ടോ എടുക്കുകയുമായിരുന്നു. ഒരുലക്ഷം രൂപയും  വിലയേറിയ വാച്ചും കവർന്ന സംഘം ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടീക്കുകയും ചെയ്തശേഷം നാദാപുരത്തെത്തിച്ച്‌ രണ്ടു ലക്ഷം രൂപകൂടി കൈക്കലാക്കി. പീഡനക്കേസിലും  മയക്കുമരുന്നുകേസിലും പെടുത്തുമെന്ന്‌ പറഞ്ഞ്‌  വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ്‌ പൊലീസിൽ പരാതി നൽകിയത്‌. കേസിലെ രണ്ടാംപ്രതിയായ അൻവറിനെ കോഴിക്കോട്ടുനിന്നാണ്‌‌ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ്‌ തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസുരൂവിൽ പെണ്ണുകാണാനെന്ന്‌ പറഞ്ഞാണ്‌ ഫ്ലാറ്റിൽനിന്ന്‌ കാറിൽ കൂട്ടിക്കൊണ്ടുപോയത്‌. കേസിലെ മൂന്നാംപ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഇത്തരത്തിൽ നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്‌. എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കർ, എസ്ഐമാരായ എസ്‌ ടി അരുൾ, ഫുൾജൻ, എഎസ്ഐമാരായ ഗോപി, സീനിയർ സിപിഒമാരായ ഇഗ്‌നേഷ്യസ്, രാജേഷ്, പി ആർ റെജി എന്നിവർ ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി. Read on deshabhimani.com

Related News