സ്വർണക്കടത്ത് : മർമം തൊടാൻ സമ്മതിക്കാതെ കേന്ദ്രം ; കോൺസുലേറ്റ്‌ അധികൃതരെ ചോദ്യം ചെയ്യാൻ കേന്ദ്രാനുമതിയില്ല



കൊച്ചി യുഎഇ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കോടതിയിൽ എൻഐഎ ആവർത്തിച്ചു. സ്വർണക്കടത്തിലെ ഗൂഢാലോചന പൂർണമായി പുറത്തുകൊണ്ടുവരാൻ വിദേശത്തും അന്വേഷണം അനിവാര്യമാണെന്നും വെള്ളിയാഴ്‌ച കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രതികളായ സ്വപ്‌ന സുരേഷ്‌, പി എസ്‌ സരിത്, കെ ടി റമീസ്‌ എന്നിവരുൾപ്പെടെ 12 പേരുടെ റിമാൻഡ്‌ നീട്ടണമെന്ന അപേക്ഷയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. നയതന്ത്ര ബാഗേജ്‌വഴി സ്വർണം കടത്തിയ കേസിൽ നിർണായക അന്വേഷണം ഇനിയും എങ്ങുമെത്തിയിട്ടില്ലെന്ന്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.  വിദേശത്തുള്ള പ്രധാന പ്രതിയെ നാട്ടിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. രണ്ടര മാസം കഴിഞ്ഞിട്ടും ഇതിനായി നോട്ടീസ്‌ അയച്ച്‌  അനുമതിക്കായി കാത്തിരിക്കുകയാണിപ്പോഴും.  കോൺസുലേറ്റ്‌ അധികൃതരെ ചോദ്യംചെയ്യണമെന്ന്‌ നേരത്തെയും എൻഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ അനുമതി നൽകിയില്ല. അതിനാലാണ്‌  ഈ ആവശ്യം ആവർത്തിച്ചത്‌. പ്രതികളായ ഫൈസൽ ഫരീദ്‌, റബിൻസ്‌, സിദ്ദിഖുൽ അക്‌ബർ, അഹമ്മദ്‌ കുട്ടി എന്നിവരാണ്‌ യുഎഇയിലുള്ളത്‌. ഇവർക്കെതിരെ  ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചു. പ്രതികളെ വിട്ടുകിട്ടാൻ ഇന്റർപോൾ മുഖേന ബ്ലൂനോട്ടീസ്‌ പുറപ്പെടുവിക്കാനുള്ള നടപടിയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. അറസ്‌റ്റിലായവരിൽനിന്ന്‌ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക്‌ വിശകലനം നിർണായകമാകും. ഇത്‌ സിഡാക്കിൽ പരിശോധിച്ചുവരികയാണ്‌.  ഡിജിറ്റൽ തെളിവുകളും സാക്ഷി മൊഴികളും വച്ച്‌  ചൊദ്യംചെയ്‌ത്‌  കൂടുതൽ വ്യക്തതവരുത്തേണ്ടതുണ്ടെന്നും‌ എൻഐഎ കോടതിയെ അറിയിച്ചു.  പ്രതികൾ മധ്യപൗരസ്‌ത്യ രാജ്യങ്ങളിൽ നിന്ന്‌ നയതന്ത്രബാഗേജുവഴിയാണ്‌ വൻതോതിൽ സ്വണം കടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com

Related News